ഹൈദരാബാദ് : പേയ്മെന്‍റ് ഗേറ്റ്‌വേകളില്‍ നിന്ന് പണം വഴിമാറ്റി കൈക്കലാക്കുന്ന ഹാക്കറെ ഹൈദരാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. 28 വയസുകാരനായ ആന്ധ്രാപ്രദേശ് സ്വദേശി ദിനേശാണ് പിടിയിലായത്. പേയ്‌മെന്‍റ് ഗേറ്റ്‌വേകളുടെ സോഫ്റ്റ്‌വയറുകളുടെ സുരക്ഷയിലെ പഴുതുകള്‍ മനസിലാക്കി അവയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്‌താണ് ഇയാള്‍ പണം കവരുന്നതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി.വി ആനന്ദ് പറഞ്ഞു.
ഒരു പേയ്‌മെന്‍റ് ഗേറ്റ്‌വേയില്‍ നിന്ന് 52.9 ലക്ഷം അനധികൃതമായി ചില അക്കൗണ്ടുകളിലേക്ക് വഴിമാറ്റിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പൊലീസിന്‍റെ സൈബര്‍ വിഭാഗം കേസന്വേഷിക്കുന്നത്. ഒരു എത്തിക്കല്‍ ഹാക്കറുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.
കുറ്റകൃത്യരീതി : വ്യാപാരി എന്ന നിലയിലുള്ള വ്യാജ അക്കൗണ്ട് എടുത്താണ് ഇയാള്‍ പേയ്‌മെന്‍റ് ഗേറ്റ്‌വേകളില്‍ കയറിപ്പറ്റുന്നത്. തുടര്‍ന്ന് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വയര്‍ ടൂളുകള്‍ ഉപയോഗിച്ച് പേയ്‌മെന്‍റ് ഗേറ്റ്‌വേയുടെ സുരക്ഷാപഴുതുകള്‍ കണ്ടെത്തി സൂപ്പര്‍ അഡ്‌മിന്‍ ഐഡി സ്വന്തമാക്കും. അങ്ങനെ പ്രധാനപ്പെട്ട ഡാറ്റാബേസ് സര്‍വറില്‍ കടന്നാണ് പണം ഇയാള്‍ വകമാറ്റുന്നത്.
ഇങ്ങനെ ലഭിക്കുന്ന പണം ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഉപയോഗിക്കും. അത് പിന്നീട് വിറ്റുപണമാക്കുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പേയ്‌മെന്‍റ് ഗേറ്റ്‌വേയില്‍ നിന്ന് 80 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബിടെക്ക് ഡ്രോപ്പ് ഔട്ടായ ഇയാളുടെ താമസസ്ഥലത്തുനിന്ന് 17.2ലക്ഷവും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 14 ലക്ഷവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ലാപ്‌ടോപ്പുകള്‍, ഒരു ടാബ്, 33 ക്രെഡിറ്റ് കാര്‍ഡുകള്‍, ചില ബാങ്ക് ഡോക്യുമെന്‍റുകള്‍ എന്നിവ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.