ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബവാഴ്‌ച രാഷ്‌ട്രീയം പിഴുതെറിയേണ്ടത് യുവജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളിയാണ് കുടുംബവാഴ്‌ച രാഷ്‌ട്രീയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ യൂത്ത് പാര്‍ലമെന്‍റ് ഫെസ്‌റ്റിവല്‍ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കുടുംബപേരിന്‍റെ ബലത്തില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നവരുടെ ദിവസങ്ങള്‍ കഴിഞ്ഞെന്നും രാജ്യത്തെ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാഴ്‌ചയെന്ന രോഗം പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കുടുംബവാഴ്‌ച രാഷ്‌ട്രീയത്തെ ആക്ഷേപിച്ച പ്രധാനമന്ത്രി, ചിലരുടെ ധാര്‍മികതയും, ആശയങ്ങളും, ലക്ഷ്യങ്ങളുമെല്ലാം തന്നെ അവരുടെ കുടുംബത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് കുറ്റപ്പെടുത്തി. സേച്ഛാധിപത്യത്തിനൊപ്പം ഇത് ജനാധിപത്യത്തിന്‍റെ ബലക്ഷയത്തിനും കാരണമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കളെ രാഷ്‌ട്രീയത്തിലേക്ക് പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നേരത്തെ രാഷ്‌ട്രീയമെന്ന വാക്ക് അഴിമതിയും കൊള്ളയുമായിരുന്നുവെങ്കില്‍ ഇന്നത് സത്യസന്ധതയും പ്രവര്‍ത്തനമികവുമാണെന്നും വ്യക്തമാക്കി.