ദുര്‍ഗ്(ഛത്തീസ്‌ഗഡ്): റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്‍റെ മുകളില്‍ കയറിയ യുവാവിന് ഇലക്‌ട്രിക് ലൈനില്‍ തട്ടി ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്‌ഗഡിലെ ദുര്‍ഗ് റെയില്‍വെസ്റ്റേഷനിലാണ് സംഭവം. ഛത്തീസ്‌ഗഡിലെ ജഗിർ ചമ്പ സ്വദേശിയായ രവി എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
പഞ്ചാബിലെ അമൃത്സറിൽ നിന്ന് ഛത്തീസ് ഗഡിലെ ബിലാസ്‌പൂരിലേക്ക് പോകുന്ന ഛത്തീസ്‌ഗഡ് എക്‌സ്പ്രസ് ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് യുവാവ് ഈ ട്രെയിനിന്‍റെ മുകളിലേക്ക് കയറുന്നത്. പ്ലാറ്റ്‌ഫോമിന്‍റെ ഓരത്തോടുകൂടിയാണ് ട്രെയിനിന്‍റെ മുകളിലേക്ക് കയറി ബഹളം വച്ചത്. താഴെയിറങ്ങാന്‍ ചുറ്റുകൂടിയിരുന്നവര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവികൊണ്ടില്ല.
റെയില്‍വെ പൊലീസ് എത്തി ഇയാളെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് യുവാവ് റെയില്‍ ഇലക്‌ട്രിക് ലൈനിലില്‍ പിടിക്കുന്നതും കണ്ണിമവെട്ടുന്ന നേരം കൊണ്ട് ഷോക്കേറ്റ് താഴെ വീഴുന്നതും. രവി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. പഞ്ചാബില്‍ ജോലിചെയ്യുന്ന രവി നാട്ടിലേക്ക് ദീപവലി ആഘോഷത്തിനായി വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്.