ചെന്നൈ: വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 22 കാരൻ പെൺസുഹൃത്തിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ പെൺകുട്ടി മരണപ്പെട്ടു. മുംബൈയിൽ നിന്ന് തിരുപ്പൂരിലേക്ക് കുടിയേറിയ പൂജ(19) യാണ് മരണപ്പെട്ടത്. പ്രതി തിരുപ്പൂർ സ്വദേശി ലോകേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ബുധനാഴ്‌ച വൈകിട്ടാണ് സംഭവം നടന്നത്. ദേഹമാസകലം തീപടർന്ന രീതിയിൽ പല്ലടം ടൗണിലെ രയർപാളത്തിലെ മെയിൻ റോഡിലൂടെ ഓടുകയായിരുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാർ തീയണക്കുകയായിരുന്നു. പെൺകുട്ടിയെ ഉടനെ പല്ലടം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടു.
ഇരുവരും രണ്ടുവർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും ആക്രമണം നടന്ന ദിവസം ലോകേഷിനെ വിളിച്ചുവരുത്തിയത് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നും പെൺകുട്ടി മരണ മൊഴിയിൽ പൊലീസിനോട് പറഞ്ഞു. പൂജയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ലോകേഷിനെ കൊലപാതക കുറ്റത്തിന് അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലാക്കി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ലോകേഷിനെ നിസാര പരിക്കുകളോടെയാണ് പൊലീസ് പിടികൂടിയത്. മുംബൈയിൽ ജനിച്ച പെൺകുട്ടി പല്ലടത്ത് വസ്‌ത്ര നിർമാണ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.