ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് തഞ്ചാവൂരിനടുത്തുള്ള പൂണ്ടി ഗ്രാമവാസിയായ ജി. രാഹുൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
കര്‍ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മണല്‍ വില്‍പ്പന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു രാഹുല്‍. കഴിഞ്ഞ ജനുവരി 31 ന് കര്‍ണന്‍റെ വീട്ടില്‍ നിന്ന് 30,000 രൂപ മോഷണം പോയി. രാഹുലിനെ സംശയമുണ്ടെന്ന് കര്‍ണൻ തന്‍റെ മകനായ ലക്ഷ്‌മണനോട് പറഞ്ഞു. പിന്നാലെ ലക്ഷ്മണനും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും ചേര്‍ന്ന് രാഹുലിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നാലെ വിഷയത്തില്‍ പൊലീസ് ഇടപെട്ട് കേസില്ലാതെ സംഭവം ഒതുക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം രാഹുലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ പകര്‍ത്തിയ ദൃശ്യമാണ് വൈറലായത്. പിന്നാലെയാണ് മാനഹാനി കാരണം രാഹുല്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിക്കാനായതിനാല്‍ യുവാവിന്‍റെ ജീവൻ നഷ്ടപ്പെട്ടില്ല.
സംഭവം പുറത്തായതോടെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവാവിനെ മര്‍ദിച്ച ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിഘ്‌നേഷ് (25), രാജദുരൈ (24), പാർത്തിബൻ (25), ശരത് (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.