ചണ്ഡീഗഡ്: യൂത്ത് അകാലിദൾ നേതാവ് വിക്കി മിദ്ദുഖേര മൊഹാലിയിൽ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച പകൽ പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. മാർക്കറ്റിന് സമീപം വച്ച് രണ്ട് അക്രമികൾ മിദ്ദുഖേരയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് മൊഹാലി പൊലീസ് സൂപ്രണ്ട് ആകാശ്‌ദീപ് സിങ് ഓലാഖ് പറഞ്ഞു.
പ്രദേശത്തെ റിയൽ എസ്റ്റേറ്റ് ഡീലറെ കാണാൻ പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന കാറിൽ കയറുമ്പോഴാണ് നാലംഗ സംഘത്തിലെ രണ്ട് പേർ മിദുഖേരയ്ക്ക് നേരെ വെടിവയ്ക്കുന്നത്. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നുവെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മിദുഖേരയ്ക്ക് നേരെ എട്ട്, ഒൻപത് തവണ വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ രക്ഷപെടുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
വെടിയേറ്റ മിദുഖേരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: 4.9 കോടി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌ത് മധ്യപ്രദേശ് സര്‍ക്കാര്‍
പഞ്ചാബിലെ ക്രമസമാധാന നിലയുടെ നിലവിലെ അവസ്ഥയാണ് സംഭവം വെളിപ്പെടുത്തുന്നതെന്ന് ശിരോമണി അകാലിദളിന്‍റെ മുതിർന്ന നേതാവ് ദൽജിത് സിങ് ചീമ പറഞ്ഞു.