ജഗിത്യാൽ(തെലങ്കാന) : 'ബഹുമാനപ്പെട്ട കലക്‌ടർ സാർ, ഞങ്ങളുടെ പട്ടണത്തിൽ പ്രാദേശിക മദ്യക്കച്ചവടക്കാർ കിങ്‌ഫിഷർ ബിയർ വിൽപ്പന നടത്തുന്നില്ല. ഗ്രാമങ്ങളിലെ അനധികൃത മദ്യ ഷോപ്പുകളിൽ ഉയർന്ന വിലയ്ക്കാണ് ഇവ വിൽക്കുന്നത്. അതിനാൽ ഇതിനൊരു പരിഹാരം കണ്ടെത്തിത്തരണം'. തെലങ്കാന - ജഗിത്യാൽ കലക്‌ടറേറ്റിലെ 'പ്രജാവാണി' എന്ന പരാതി പരിഹാര സെല്ലിന് മുന്‍പാകെയെത്തിയ വേറിട്ട ആവശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജഗിത്യാൽ സ്വദേശിയായ ബീറാം രാജേഷ് എന്ന യുവാവാണ്, എല്ലാ തിങ്കളാഴ്‌ചയും കലക്‌ടറേറ്റില്‍ നടക്കാറുള്ള പ്രജാവാണി എന്ന പരിപാടിയില്‍ വിചിത്ര ആവശ്യവുമായെത്തിയത്. പൊതുപ്രശ്‌നങ്ങളോ വ്യക്തിപരമായ കുടുംബപ്രശ്‌നങ്ങളോ ആണ് സാധാരണ പരാതിയായി ജനങ്ങൾ ഉന്നയിക്കാറുള്ളത്. എന്നാൽ അഡീഷണൽ ജില്ല കലക്‌ടർ ബി.എസ് ലതയ്ക്ക് ബീറാം രാജേഷ് നൽകിയ പരാതികണ്ട് അധികൃതര്‍ മൂക്കത്ത് വിരൽവച്ചുപോയി.
പ്രാദേശിക മദ്യക്കച്ചവടക്കാർ ബഹുരാഷ്‌ട്ര കമ്പനിയായ കിങ്‌ഫിഷറിന്‍റെ ബിയർ വിൽപന നടത്തുന്നില്ലെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പരാതിയിൽ, ഗ്രാമങ്ങളിലെ അനധികൃത ഷോപ്പുകളിൽ ഉയർന്ന വിലയ്ക്കാണ് ഇവ വിൽക്കുന്നതെന്ന് രാജേഷ് വിശദീകരിക്കുന്നു. അയൽപക്കത്തുള്ള കോരുട്ട്‌ലയിലും ധർമപുരിയിലും കിങ്‌ഫിഷർ ബിയർ യഥേഷ്‌ടം ലഭിക്കുമ്പോൾ തന്‍റെ നാട്ടിൽ മാത്രം ലഭിക്കാത്തതെന്തെന്നും രാജേഷ് ചോദിക്കുന്നുണ്ട്.
അതിനാൽ എത്രയും പെട്ടെന്ന് ആവശ്യമായ അളവില്‍ കിങ്‌ഫിഷർ ബിയറുകൾ ജഗിത്യാലിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ബീറാം രാജേഷ് കലക്‌ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ ദിവസവും മദ്യപിക്കുന്നവർക്ക് യൂറിക് ആസിഡിന്‍റെ പ്രശ്‌നം ഉണ്ടാകാറുണ്ടെന്നും അതിനാൽ ആ പ്രശ്‌നം കൂടി പരിഹരിക്കാന്‍ നടപടികളുണ്ടാകണമെന്നും കലക്‌ടറോട് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബീറാം രാജേഷിന്‍റെ പരാതി നാട്ടിലെ ബിയർ പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. വേനൽ ആരംഭിക്കുന്നതിനാൽ ജഗിത്യാലിലെ എല്ലാ വൈൻ ഷോപ്പുകളിലും കിങ്ഫിഷർ ബിയർ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.