പൂനെ : വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു. പൂനെയിലെ സിദ്ധാർഥ് നഗർ ഔന്ദ് സ്വദേശിനി ശ്വേത വിജയ് റൺവഡെ(26)യാണ് കൊല്ലപ്പെട്ടത്. രാജ്‌ഗുരുനഗർ നിവാസി പ്രതീക് കിസൻ ധമലെ(27)യാണ് കൊലപാതകശേഷം ജീവനൊടുക്കിയത്.
2018ൽ ഒരു ബന്ധുവിന്‍റെ വിവാഹത്തിൽ വച്ചാണ് ശ്വേതയെ പ്രതീക് പരിചയപ്പെടുന്നത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതീകിന്‍റെ ഫോണിലൂടെയുള്ള മാനസിക പീഡനം സഹിക്കവയ്യാതായതോടെ ശ്വേത സംഭവം വീട്ടുകാരെ അറിയിക്കുകയും കൂടിയാലോചിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്‌തു.
ഇതോടെ ആത്മഹത്യാഭീഷണി മുഴക്കി പ്രതീക് രംഗത്തെത്തി. അതിനിടെ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യുവതി ചതുർഷിംഗി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ അമ്മയോടൊപ്പം വീട്ടിലേക്കെത്തുകയായിരുന്ന ശ്വേതയെ പാർക്കിങ് ഏരിയയിൽ കാത്തിരിക്കുകയായിരുന്ന പ്രതീക് കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും വയറിലും കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിൽ പ്രതീകിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് ടാറ്റ ഡാമിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിഎ വിദ്യാർഥിനിയായിരുന്നു ശ്വേത.
മൂന്ന് വർഷം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് യുവതിയുടെ അച്ഛൻ മരിച്ചത്. പൂനെയിൽ അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് ശ്വേത താമസിച്ചിരുന്നത്. രണ്ടുമാസം മുൻപ് കൊടുത്തിട്ടും പരാതി ഗൗരവത്തോടെയെടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്വേതയുടെ കുടുംബം ആവശ്യപ്പെട്ടു.