മോഗ : പഞ്ചാബിലെ മോഗയിൽ പട്ടാപ്പകൽ യുവാവിനെ കൃപാണ്‍ (മതാചാരത്തിന്‍റെ ഭാഗമായി സിഖുകാർ ഉപയോഗിക്കുന്ന കത്തി) ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ബദ്‌നി കലൻ മേഖലയിലാണ് ആയുധ ധാരികളായ അഞ്ച് പേർ ചേർന്ന് 22 വയസുള്ള യുവാവിനെ നടുറോഡിൽ കൊലപ്പെടുത്തിയത്.
യുവാവിനെ ഓടിച്ചിട്ട് വെട്ടി വീഴ്‌ത്തിയ ശേഷം കൃപാണ്‍ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവാവിനെ മോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്‍റെ കാരണത്തെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.