ചെന്നൈ/ഹൈദരാബാദ്: യൂട്യൂബിലൂടെ കോടികൾ കൊയ്‌ത് മത്സ്യത്തൊഴിലാളികളായ യുവാക്കൾ. മത്സ്യ ബന്ധനത്തിന്‍റെ വീഡിയോകൾ പങ്കുവെച്ചാണ് യൂട്യൂബിൽ ഇവർ താരങ്ങളായത്. തമിഴ്‌നാട്ടിലെ 'തൂത്തുക്കുടി മീനവൻ', 'ഉങ്കൾ മീനവൻ' എന്നീ യൂട്യൂബ് ചാനലുകളും തെലങ്കാന സ്വദേശിയുടെ 'ലോക്കൽ ബോയ് നാനി' എന്ന ചാനലുമാണ് മത്സ്യബന്ധനത്തിലൂടെ യൂട്യൂബിൽ തരംഗമാകുന്നത്.
കടലിലെ പൊന്നായി ശക്തിവേൽ: തൂത്തുക്കുടി രേവു ടൗണിലെ ശക്തിവേലിന്‍റെ യൂട്യൂബ് ചാനലാണ് 'തൂത്തുക്കുടി മീനവൻ'. ഡിഗ്രി വരെ പഠിച്ചിട്ടും ജോലി കിട്ടാതെ വന്നപ്പോൾ അച്ഛനോടൊപ്പം മത്സ്യത്തൊഴിലാളിയായി തൊഴിൽ ആരംഭിച്ച ശക്തിവേൽ കടലിന്‍റെ അടിത്തട്ടിൽ പോയി ശംഖ് ശേഖരിച്ചതിന്‍റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതാണ് വഴിത്തിരിവായത്. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിലൂടെ അന്ന് ആ വീഡിയോ കണ്ടത്.
അതേ ആവേശത്തോടെ മത്സ്യബന്ധനത്തിന് പോകുന്ന തന്‍റെ എല്ലാ അനുഭവങ്ങളും ശക്തിവേൽ യൂട്യൂബിലൂടെ പ്രേക്ഷകരിലെത്തിച്ചു. കടലിൽ നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകളെക്കുറിച്ചും മറ്റ് ജലജീവികളെക്കുറിച്ചും അയാൾ പ്രേക്ഷകരുമായി പങ്കിടുകയും അദ്ദേഹത്തിന്‍റെ ഈ പരിസ്ഥിതി ബോധം ചാനലിലെ പ്രേക്ഷകരുടെ എണ്ണം കുത്തനെ ഉയർത്തുകയും ചെയ്‌തു.
വീഡിയോ കണ്ട് കനിമൊഴി വന്നു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ലോക്‌സഭാംഗവുമായ കനിമൊഴിയും ഈ ചാനലിന്‍റെ വലിയ ആരാധികയാണ്. ശക്തിവേലിന്‍റെ വീട്ടിലെത്തിയ കനിമൊഴി അവർക്കൊപ്പം കടലില്‍ യാത്ര ചെയ്യുകയും അവർ പാകം ചെയ്‌ത പ്രിയപ്പെട്ട മത്സ്യ വിഭവം കഴിക്കുകയും ചെയ്‌തു. യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ട് ശക്തിവേൽ വൈദ്യുതിയില്ലാത്ത അയൽ ഗ്രാമത്തിൽ സൗരോർജ്ജ വൈദ്യുതിയും സ്വന്തം ഗ്രാമത്തിൽ സൗജന്യ ട്യൂഷൻ സെന്‍ററുകളും സ്ഥാപിച്ചു.
കിങ്‌സ്‌റ്റൺ ഒരു ചെറിയ മീനല്ല: 'ഉങ്കൾ മീനവൻ' (നിങ്ങളുടെ മത്സ്യത്തൊഴിലാളി) എന്ന യൂട്യൂബ് ചാനലിലൂടെ കോടീശ്വരനായ കിങ്‌സ്‌റ്റൺ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മൂക്കയൂർ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 11.7 ലക്ഷം വരിക്കാറുള്ള യൂട്യൂബ് ചാനലിന്‍റെ ഉടമസ്ഥനായ കിങ്‌സ്‌റ്റൺ എന്ന യുവാവിന്‍റെ കഥ ഞെട്ടിക്കുന്നതാണ്. ടിക്‌ടോക്കിൽ തുടങ്ങിയാണ് കിങ്‌സ്‌റ്റൺ യൂട്യൂബിലെത്തിയത്.
ഡോൾഫിനുകളുടെയും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും നീരാളികളുടെയും ജെല്ലിഫിഷുകളുടെയും വീഡിയോകൾ ഷെയർ ചെയ്‌താണ് കിങ്‌സ്‌റ്റൺ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പിടിക്കുന്ന മീൻ എങ്ങനെ രുചികരമായും വൃത്തിയായും പാകം ചെയ്യാമെന്നും അദ്ദേഹം ഷെയർ ചെയ്‌തു. ഒടുവിൽ പ്രേക്ഷകരുടെ ആഗ്രഹപ്രകാരം രാമനാഥപുരം ടൗണിൽ 'ഉങ്കൽ ഉണവാഗം' (നിങ്ങളുടെ റെസ്റ്റോറന്‍റ്) എന്ന പേരിൽ ഒരു ഹോട്ടലും കിങ്‌സ്‌റ്റൺ ആരംഭിച്ചിട്ടുണ്ട്.
തൊഴിലാളി മുതലാളിയായി: ഹോട്ടല്‍ ക്ലിക്കായപ്പോൾ... ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ എട്ട് പ്രധാന നഗരങ്ങളിൽ അദ്ദേഹം റെസ്റ്റോറന്‍റുകൾ സ്ഥാപിച്ചു. മീൻ മസാലകളും മറ്റും വിൽപനയും നടത്തുന്നുണ്ട്. ഇതിലൂടെ ഇരുനൂറോളം പേർക്ക് തൊഴിലും നൽകുന്നു. പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള കിങ്‌സ്‌റ്റൺ നിലവിൽ പ്രതിവർഷം 15 കോടി രൂപയാണ് സമ്പാദിക്കുന്നത്.
കടലുകണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നാനി കാട്ടിത്തരും: തെലുഗു യൂട്യൂബ് ഫാൻസിന് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത യൂട്യൂബ് ചാനലാണ് ' ലോക്കൽ ബോയ് നാനി '. വിശാഖപട്ടണം ജെട്ടിയുടെ മധ്യഭാഗത്ത് മത്സ്യബന്ധനം നടത്തുന്ന നാനിയുടേതാണ് ഈ ചാനൽ. ഒരു സാഹസിക സിനിമയെന്നോണം തീരത്ത് നിന്ന് ഏകദേശം 200 മൈൽ ദൂരം വരെ കടലിലേയ്‌ക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് നാനിയുടെ ചാനലിന്‍റെ ഉള്ളടക്കങ്ങൾ.
കടലിലെ കാണാക്കാഴ്‌ചകൾ: അപ്രതീക്ഷിതമായ കൊടുങ്കാറ്റുകളെക്കുറിച്ചും, പെട്ടെന്നുള്ള മഴയെക്കുറിച്ചും, ബോട്ടിന് ചുറ്റും വലയം ചെയ്യുന്ന സ്രാവുകളെക്കുറിച്ചും, ഒഴുകിനടക്കുന്ന ശവശരീരങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് പ്രേക്ഷകരെ നാനി ആവേശത്തിലാക്കും. ഒരിക്കൽ ബോട്ടിൽ നിന്നുകൊണ്ട് നടൻ പ്രഭാസിന്‍റെ സിനിമയിലെ ഒരു ഡയലോഗ് പറയുന്ന ഒരു ദൃശ്യം നാനിയുടെ സുഹൃത്ത് പങ്കുവച്ചു. ടിക്‌ടോക്കിൽ പങ്കുവെച്ച ഈ വീഡിയോ വൈറലായതെടെ കൂടുതൽ വീഡിയോകളുമായി നാനി യൂട്യൂബിലെത്തി.
രണ്ട് വർഷത്തിനുള്ളിൽ എട്ട് ലക്ഷം വരിക്കാരെ നേടുകയും വിവിധ ബ്രാൻഡുകളുടെ പ്രൊമോട്ടറായും നാനി മാറി. ഇടിവിയുടെ ‘റെച്ചിപോടം ബ്രദർ’ പരിപാടിയിലും പങ്കെടുത്തു.