ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തെ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഉൾപ്പെടെ പുറത്താക്കി പുതിയ ക്യാബിനറ്റ് രൂപകരണവുമായുള്ള കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവരാകും ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുക.
ചർച്ചയ്‌ക്ക് പിന്നാലെ പുതിയ മന്ത്രിമാരെ തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുപിയിലെ മൂന്നിൽ രണ്ട് സീറ്റുകളും ബിജെപി നേടിയെങ്കിലും മൗര്യ ഉൾപ്പെടെ നിരവധി സിറ്റിങ് മന്ത്രിമാർക്ക് തങ്ങളുടെ സീറ്റുകൾ നഷ്‌ടമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി, ഗ്രാമവികസന മന്ത്രി മോത്തി സിങ്, സുരേഷ് റാണ എന്നിവരാണ് തോറ്റവരിലെ മറ്റ് പ്രമുഖർ. കൂടാതെ പാർട്ടി വിട്ടുപോയ ധാരാ സിങ്, ധരം സിങ് സൈനി, സ്വാമി പ്രസാദ് മൗര്യ എന്നിവർക്കും പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്.
അതേസമയം കേശവ് പ്രസാദ് മൗര്യയുടെ തോൽവിയെത്തുടർന്ന് ഒബിസി വിഭാഗത്തിൽ നിന്ന് മൂന്ന് ഉപമുഖ്യമന്ത്രിമാരെ പുതിയ ക്യാബിനറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മാർച്ച് 14നായിരിക്കും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.