ലഖ്നൗ: ആയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിനടുത്ത് ബിജെപി നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും ബന്ധുക്കള്‍ ഭൂമി കൈയേറി എന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. റവന്യു വകുപ്പിനോട് ആരോപണം സമഗ്രമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹഗള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളും അയോധ്യയില്‍ വലിയ രീതിയില്‍ ഭൂമി സ്വന്തമാക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. "ഒരു ഹിന്ദു സത്യത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഹിന്ദുത്വ മതത്തിന്‍റെ മറവില്‍ കൊള്ള നടത്തുന്നു", രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാമജന്‍മ ഭൂമി ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം ബിജെപി എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന മാധ്യമ വാര്‍ത്ത രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം ടാഗ് ചെയ്തു.
ബിജെപി നേതാക്കളുടെ പകല്‍കൊള്ളയാണ് അയോധ്യയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. " ബഹുമാനപ്പെട്ട നരേന്ദ്ര മോദി താങ്കള്‍ എപ്പോഴാണ് ഈ പകല്‍കൊള്ളയില്‍ പ്രതികരിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയും രാമഭക്തരും ഈ നാട്ടിലെ ജനങ്ങളും ഈ ചോദ്യം ചോദിക്കുകയാണ്. ഈ പകല്‍കൊള്ള രാജ്യദ്രോഹമാണ്", രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പ്രതികരിച്ചു.
നിരന്തരമായ വിമർശനങ്ങൾക്ക് ശേഷമാണ് യുപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.