ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. വെള്ളിയാഴ്‌ച രാവിലെ 10.45 ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൂടിക്കാഴ്‌ച.
ഉച്ചയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. വ്യാഴാഴ്‌ച ഡല്‍ഹിയിലെത്തിയ യോഗി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് യോഗി സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് കൂടിക്കാഴ്‌ച.
2022 ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി സര്‍ക്കാരിന്‍റെ പ്രതിഛായയും സംസ്ഥാനത്ത് ബിജെപിയുടെ ശക്തിയും വിപുലപ്പെടുത്താനുള്ള ശ്രമവും തുടരുകയാണ്.
ഇതിന്‍റെ ഭാഗമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് യുപിയിലെത്തി സംസ്ഥാന നേതാക്കന്മാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. നേതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന്‍റെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും കൊവിഡ് പ്രതിരോധവും വിലയിരുത്തും. 2017ല്‍ 403 അംഗ നിയമസഭയില്‍ 309 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്‌പിക്ക്- 49, ബിഎസ്‌പി- 18, കോണ്‍ഗ്രസി- ഏഴ് എന്നിങ്ങനാണ് കക്ഷിനില.