പ്രയാഗ്‌രാജ്: 'പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങേയ്‌ക്ക് എന്‍റെ വിവാഹ ചടങ്ങിലേക്ക് സ്വാഗതം. പക്ഷേ, വരുന്നതിന് മുന്‍പ് റോഡ് നന്നാക്കണം. കാരണം വളരെയധികം മോശമാണ് സ്ഥിതി'. ഉത്തര്‍പ്രദേശിലെ നുകുഷ് ഫാത്തിമ എന്ന യുവതി തന്‍റെ വിവാഹത്തിന്‍റെ ക്ഷണക്കത്ത് ഉള്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്‌ത് ഇങ്ങനെയൊരു ട്വീറ്റ് ചെയ്‌തു. ശേഷം, വിവാഹ സമ്മാനമെന്നോണം ഒറ്റ രാത്രികൊണ്ടാണ് നുകുഷ് ഫാത്തിമയുടെ വീടിന്‍റെ മുന്‍പിലുള്ള റോഡിന്‍റെ പുനഃപ്രവൃത്തി നടന്നത്.
ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ കാനയ്‌പൂർ സ്വദേശിനിയായ നുകുഷ് ഫാത്തിമയുടെ വിവാഹം ഇന്നായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി യോഗിയെ ക്ഷണിച്ച് റോഡിന്‍റെ ശോചനീയാവസ്ഥയും കുറിച്ച് ട്വീറ്റ് ചെയ്‌തത്. ഇക്കാര്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഡിസംബര്‍ അഞ്ചാം തിയതി രാത്രിയാണ് റോഡിന്‍റെ പ്രവൃത്തി നടന്നത്. പാതയുടെ ശോചനീയാവസ്ഥ കാരണം വിവാഹ ചടങ്ങിലേക്ക് ആളുകള്‍ക്ക് എത്താനും കല്യാണ ഘോഷയാത്ര നടത്താനും നേരത്തെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് യുവതി ഇങ്ങനെയൊരു കുറിപ്പെഴുതി ട്വീറ്റ് ചെയ്‌തത്.
വർഷങ്ങളായി റോഡിന്‍റെ പുനഃപ്രവൃത്തി നടക്കാതിരുന്ന സാഹചര്യത്തിലാണ് റോഡിന്‍റെ സ്ഥിതി വളരെയധികം മോശമായത്. പുതിയ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതിയും കുടുംബവും നന്ദി അറിയിച്ചു. മകളുടെ പരാതി മുഖ്യമന്ത്രി യോഗി മനസിലാക്കിയെന്നും ഒറ്റ രാത്രികൊണ്ട് പണി പൂര്‍ത്തിയാക്കിയതിന് നന്ദിയെന്നും കുടുംബം പറയുന്നു.