ന്യൂഡല്‍ഹി: യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയാകും. 19 പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തില്‍ ധാരണയെത്തിയതായി തൃണമൂല്‍ കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. ബിജെപി മുൻ നേതാവ് കൂടിയായ യശ്വന്ത് സിൻഹ നിലവില്‍ തൃണമൂല്‍ കോൺഗ്രസ് അംഗമാണ്.
രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള നിർദ്ദേശം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധി തള്ളിയതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് പ്രതിപക്ഷ പാർട്ടികൾ ആലോചിച്ചത്. രണ്ടുതവണ കേന്ദ്ര ധനമന്ത്രിയായ വ്യക്തിയാണ് സിന്‍ഹ. 1990 ലെ ചന്ദ്രശേഖർ മന്ത്രിസഭയിലും പിന്നീട് വാജ്‌പേയി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 29 ആണ്. വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണൽ ജൂലൈ 21 നും നടക്കും.