ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി തന്നെ തീരുമാനിച്ച മുഴുവനാളുകള്‍ക്കും നന്ദി അറിയിച്ച് യശ്വന്ത് സിൻഹ. രാഷ്‌ട്രപതി തെരഞ്ഞെടുപ്പെന്നത് വലിയ പോരാട്ടമാണെന്ന് സിന്‍ഹ പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
യഥാര്‍ഥ പോരാട്ടം നടക്കുന്നത് രണ്ട് ആശയങ്ങള്‍ തമ്മിലാണ്. ആര്‍.എസ്.എസിന്‍റെ കോപത്തിന്‍റെയും വെറുപ്പിന്‍റയും പ്രത്യയശാസ്‌ത്രം ഒരു വശത്തും കരുണയുടെ പ്രത്യയ ശാസ്‌ത്രം മറുഭാഗത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുന്നതിന് ബി.ജെ.പിക്കെതിരെ പോരാടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജമ്മു കശ്‌മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, തെലങ്കാന രാഷ്ട്ര സമിതി നേതാവും മന്ത്രിയുമായ കെ.ടി.രാമറാവു, തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തില്‍ സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 18നും വോട്ടെണ്ണല്‍ ജൂലൈ 21നും നടക്കും.
പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ടി.ആര്‍.എസും പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ചാല്‍ കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതരായ യുവാക്കള്‍, സ്‌ത്രീകള്‍ മറ്റ് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഭയമോ, പക്ഷഭേദമോ കൂടാതെ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2018ല്‍ ബി.ജെ.പി വിട്ട സിന്‍ഹ കഴിഞ്ഞ വര്‍ഷമാണ് ടി.എം.സിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തി. യശ്വന്ത് സിന്‍ഹയുടെ എതിരാളിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ദ്രൗപതി മുര്‍മു ജൂണ്‍ 24നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.