ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ 15 ശിവസേന വിമത എം.എൽ.എമാർക്ക് സി.ആർ.പി.എഫിന്‍റെ വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. രമേഷ് ബോർനാരെ, മങ്കേഷ് കുഡാൽക്കർ, സഞ്‌ജയ് ഷിർസത്, ലതാഭായ് സോനവാനെ, പ്രകാശ് സര്‍വെ തുടങ്ങിയ നേതാക്കള്‍ക്കാണ് പരിഗണന. മഹാരാഷ്‌ട്രയിലുള്ള ഇവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ തങ്ങൾക്കും കുടുംബങ്ങൾക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. റിസോര്‍ട്ടില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ മഹാരാഷ്‌ട്രയിൽ എത്തിക്കഴിഞ്ഞാൽ ഷിഫ്‌റ്റ് പ്രകാരം നാലോ അഞ്ചോ സി.ആർ.പി.എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കും.
ശിവസേന നേതാവും ഉദ്ധവ് താക്കറെ മന്ത്രിസഭാംഗവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് വിമത എം.എല്‍.എമാര്‍ ക്യാമ്പ് ചെയ്യുന്നത്. നിലവില്‍, നാല്‍പതിലേറെ പേരാണ് ഷിന്‍ഡെയ്‌ക്കൊപ്പം അസമിലെ ഗുവാഹത്തിയിലുള്ള റാഡിസണ്‍ ബ്‌ളൂ റിസോര്‍ട്ടിലുള്ളത്.