സോനിപത്ത് (ഹരിയാന): തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചാൽ മാത്രമേ ഗുസ്‌തി താരങ്ങള്‍, നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂവെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്. ഓരോ ദിവസവും മാനസികമായി തങ്ങൾ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്നും അവര്‍ പറഞ്ഞു. സോനിപത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാക്ഷിയുടെ പ്രതികരണം.
അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്മാറ്റത്തിന് പിന്നില്‍ കനത്ത സമ്മര്‍ദമാണെന്ന് ഇതു സംബന്ധിച്ച ചോദ്യത്തോട് താരം പ്രതികരിച്ചു.
'അയാള്‍ (ബ്രിജ് ഭൂഷൺ ശരൺ സിങ്) പുറത്തിരിക്കുന്നതു വരെ ഈ ഭയത്തിന്‍റേയും സമ്മർദത്തിന്‍റേയും അന്തരീക്ഷം പെൺകുട്ടികളിൽ നിലനിൽക്കും. അതുകൊണ്ടാണ് ആദ്യ ദിവസം മുതൽ തന്നെ അറസ്റ്റിനായി ഞങ്ങൾ മുറവിളി കൂട്ടുന്നത്. അയാളെ അറസ്റ്റ് ചെയ്‌തിരുന്നിവെങ്കില്‍ ആര്‍ക്കുമേലും സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമായിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി എങ്ങനെ മാറിയെന്ന് നമ്മള്‍ കണ്ടു. ഇത് തുടര്‍ന്നാല്‍ ഈ സമരത്തിന്‍റെ ലക്ഷ്യം കാലക്രമേണ തകര്‍ക്കപ്പെടും'. - സാക്ഷി മാലിക് പറഞ്ഞു.
കഴിഞ്ഞ വ്യാഴായ്‌ചയായിരുന്നു, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് തന്‍റെ മൊഴിയില്‍ മലക്കം മറിഞ്ഞത്. ബ്രിജ് ഭൂഷണെതിരെ തങ്ങള്‍ മനഃപൂര്‍വമായാണ് തെറ്റായ ലൈംഗികാതിക്രമ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറയുകയായിരുന്നു. ബ്രിജ് ഭൂഷണോട് പ്രതികാരം ചെയ്യുകയായിരുന്നു 'തെറ്റായ ആരോപണത്തിന്' പിന്നിലെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
2022 മാർച്ചിൽ ബ്രിജ് ഭൂഷൺ ഒരു വനിത ഗുസ്‌തി താരത്തെ അനുചിതമായി സ്‌പർശിച്ചുവെന്ന അന്താരാഷ്‌ട്ര ഗുസ്‌തി റഫറി ജഗ്ബീർ സിങ്ങിന്‍റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തോടെ സാക്ഷിയുടെ പ്രതികരണം ഇങ്ങനെ... 'അദ്ദേഹം മത്സരങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹം ഒരു വണ്‍ - ക്ലാസ് റഫറിയാണ്. സ്വന്തം കണ്ണുകള്‍ കൊണ്ട് അദ്ദേഹം കണ്ട കാര്യമാണത്'. - സാക്ഷി പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണങ്ങളുടെ പേരിൽ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് സമരത്തിലുള്ള ഗുസ്‌തിക്കാർക്ക് വേണ്ടി ശനിയാഴ്ച വിളിച്ചുചേർത്ത മഹാപഞ്ചായത്തിൽ പങ്കെടുക്കാനാണ് സാക്ഷി സോനിപത്തിലെത്തിയത്. ബജ്‌രംഗ് പുനിയയും പഞ്ചായയത്തില്‍ പങ്കെടുത്തിരുന്നു. ഖാപ് പഞ്ചായത്തുകളുമായി ചർച്ച ചെയ്‌തതിന് ശേഷം മാത്രമേ പ്രക്ഷോഭത്തിന്‍റെ അടുത്ത നടപടികള്‍ തീരുമാനിക്കുവെന്നാണ് ബജ്‌രംഗ് പുനിയ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് തന്‍റെ മൊഴിയിൽ നിന്ന് പിന്മാറിയതിനാൽ ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് ഒഴിവാകുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാതിക്രമ പരാതികളുള്ള അന്വേഷണം ജൂണ്‍ 15 - നകം പൂര്‍ത്തിയാക്കാമെന്ന ഉറപ്പിന്മേല്‍ ഗുസ്‌തി താരങ്ങളുടെ സമരം താത്‌കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ALSO READ: ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണിന്‍റെ വസതിയില്‍ വനിത ഗുസ്‌തി താരത്തെ എത്തിച്ച് പൊലീസ്