ഹൈദരാബാദ്: വിവിധ കാരണങ്ങളാൽ കരളിനുണ്ടാകുന്ന വീക്കവും അതുമൂലമുണ്ടാവുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. രോഗാവസ്ഥയെ പരിഗണിച്ച് ഇവ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരമായി തിരിച്ചിട്ടുണ്ട്. കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും ലഭിച്ചില്ലെങ്കിൽ, ഹെപ്പറ്റൈറ്റിസിന്‍റെ പാർശ്വഫലങ്ങൾ കരളിനെ ക്രമേണ ദുർബലപ്പെടുത്തുകയും അത് കരളിന്‍റെ പ്രവർത്തനത്തെ തന്നെ തകിടം മറിക്കുകയും ചെയ്യും.
ഇതില്‍ തന്നെ ഏറെ ഗുരുതരമെന്ന് വിലയിരുത്തപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. ഇവ കൃത്യസമയത്ത് കണ്ടെത്തുകയും ശരിയായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ലിവർ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങി വലിയ രോഗങ്ങളിലേക്കും വഴിമാറും. മാത്രമല്ല ആറുമാസമായി വിട്ടുമാറാത്ത കരള്‍ അണുബാധയെ 'ഗുരുതരമെന്നും', ആറ് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന അണുബാധയെ വിട്ടുമാറാത്ത അണുബാധയായുമാണ് ആരോഗ്യ വിദഗ്‌ദരും വിലയിരുത്തുന്നത്.
ഇത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ചും അതിന്‍റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് എല്ലാവര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. മാത്രമല്ല "ഒരൊറ്റ ജീവിതം, ഒരു കരൾ" എന്നതാണ് 2023ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്‍റെ പ്രമേയവും.
ഹെപ്പറ്റൈറ്റിസ് 'എ' യും ഹെപ്പറ്റൈറ്റിസ് 'ഇ' യും: മലിനമായ കുടിവെള്ളവും വൃത്തിഹീനമായ ഭക്ഷണവുമാണ് ഹെപ്പറ്റൈറ്റിസ് വരാനുള്ള പ്രധാന കാരണമായി പരിഗണിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ കരളിനുണ്ടാക്കുന്ന തകരാറ് താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ സമീകൃതാഹാരവും ശരിയായ ചികിത്സയും തുടര്‍ന്നാല്‍ ഇത് തടയാനാകും.
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ: കരളിനെ ഗുരുതരമായി തകരാറിലാക്കുന്നവയാണ് ഹെപ്പറ്റൈറ്റിസ് ബിയും ഹെപ്പറ്റൈറ്റിസ് സിയും. രക്തദാനം, രോഗബാധിതർ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷുകൾ, റേസറുകൾ തുടങ്ങിയവ പങ്കുവയ്‌ക്കുന്നതിലൂടെ ഇവ ആരോഗ്യമുള്ള മറ്റ് ആളുകളിലേക്കും വൈറസ് പകരാം. മാത്രമല്ല മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബിയും സിയും പിടിപെടാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.
ഹെപ്പറ്റൈറ്റിസ് ഡി: സാധാരണമായി ഒരു വ്യക്തിക്ക് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചാൽ, ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ഡി ബാധിതരുടെ കാര്യത്തില്‍ കരളിലെ വീക്കം വളരെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും.
എന്നാല്‍ ഈ അഞ്ചുതരത്തിലുള്ള ഹെപ്പറ്റൈറ്റിസിന്‍റെയും പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
- വയറുവേദന
- അടിക്കടിയുള്ള ദഹനക്കേടും വയറിളക്കവും
- മഞ്ഞപ്പിത്തം
- ചർമ്മത്തിലും നഖങ്ങളിലും കണ്ണുകളിലുമുള്ള മഞ്ഞനിറം
- ഓക്കാനവും ഛർദ്ദിയും
- വിശപ്പില്ലായ്മ
- തുടർച്ചയായ ശരീരഭാരം കുറയൽ
- പനി
- ശാരീരികവും മാനസികവുമായ അധ്വാനമില്ലാതെ തന്നെയുള്ള ക്ഷീണം അനുഭവപ്പെടല്‍
- കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം
- സന്ധി വേദന
ഇപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് വൈദ്യസഹായം തേടേണ്ടതുണ്ട്.
പരിശോധനകള്‍ ഇങ്ങനെ: ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ കണ്ടെത്തുന്നതിന് ഐജിഎം ആന്‍റിബോഡി ടെസ്‌റ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുന്നതിന് ഡിഎൻഎ അളവ് പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് സിയുടെ പരിശോധനയ്‌ക്കായി ആർഎൻഎ ടെസ്‌റ്റുകളും ജനിതക പരിശോധനകളും തന്നെയാണ് നടത്താറുള്ളത്. ഇതിനുപുറമെ കരൾ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനകൾ, സിബിസി, വൃക്കകളുടെ പ്രവർത്തന പരിശോധനകൾ എന്നിവയും നടത്താറുണ്ട്.
ഹെപ്പറ്റൈറ്റിസിനുള്ള ചികിത്സ ഇത്തരത്തിലാണ്:
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്‌ക്ക്: മിക്ക ഹെപ്പറ്റൈറ്റിസ് എ കേസുകളിലും ശരീരം സ്വയം സുഖം പ്രാപിക്കാറുണ്ട്. എന്നാല്‍ രോഗി ഡോക്‌ടറുടെ നിര്‍ദേശം പാലിക്കേണ്ടതുണ്ട്. ചില അസാധാരണമായ സന്ദർഭങ്ങളിൽ സ്ഥിരമായ ഛർദ്ദിയും വയറിളക്കവും അല്ലെങ്കിൽ അസാധാരണമായ ശാരീരിക അവസ്ഥകളും കാണുകയാണെങ്കില്‍ രോഗിയെ ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ട്.
ഹെപ്പറ്റൈറ്റിസ് ഇയുടെ ചികിത്സയിലേക്ക് കടന്നാല്‍ ഇതും ഹെപ്പറ്റൈറ്റിസ് എ പോലെ സ്വയം സുഖം പ്രാപിക്കാറുണ്ട്. എന്നാൽ ഗർഭിണികളായ സ്‌ത്രീകൾക്ക് ഹെപ്പറ്റൈറ്റിസ് ഇ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിൽ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി: ഈ അണുബാധ ഭൂരിഭാഗവും വിട്ടുമാറാറില്ല. അതുകൊണ്ടുതന്നെ പ്രശ്നം ജീവിതകാലം മുഴുവൻ തുടരാം. ഹെപ്പറ്റൈറ്റിസ് ബി അണുബാധ ആറ് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി എന്ന് വിളിക്കാറുണ്ട്. ഈ അണുബാധയെ ചികിത്സിക്കാൻ കുത്തിവയ്പ്പുകളും ഗുളികകളും ഉപയോഗിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയുടെ വീണ്ടെടുക്കൽ നിരക്ക് വളരെ കുറവാണ്. ഓരോ മൂന്നു മാസത്തിലും രോഗിയെ നിരീക്ഷിക്കുകയും അവരുടെ മരുന്നുകൾ ജീവിതകാലം മുഴുവൻ തുടരുകയും ചെയ്യാം. മാത്രമല്ല ഹെപ്പറ്റൈറ്റിസ് ബി കരളിലെ ക്യാൻസറിനോ ലിവർ സിറോസിസിലേക്കോ നയിച്ചേക്കാം. എന്നാൽ ഡോക്‌ടറുടെ ഉപദേശപ്രകാരം ശരിയായ മരുന്നുകൾ കഴിക്കുന്നതിലൂടെ ഈ അവസ്ഥ തടയാനാവും.
ഹെപ്പറ്റൈറ്റിസ് സി: പുതിയ മരുന്നുകളുടെ ലഭ്യമായതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ നിലവില്‍ സാധ്യമാണ്. ഈ മരുന്നുകളുടെ വിജയ നിരക്ക് ഏകദേശം 98 ശതമാനവുമാണ്. മാത്രമല്ല പാർശ്വഫലങ്ങള്‍ വളരെ കുറവുമാണ്.
ഹെപ്പറ്റൈറ്റിസ് ഡി: രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ഡി കേസുകൾ വളരെ കുറവാണ്. എന്നിരുന്നാലും ഹെപ്പറ്റൈറ്റിസ് ഡിയുടെ ചികിത്സക്കായുള്ള മരുന്നുകൾ ലഭ്യമാണ്.
- മദ്യം ഒഴിവാക്കുക
- കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
- ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക
- ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുക
- കഞ്ഞിയും ഓട്‌സും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക
- സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക
- കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുക
- ഉപ്പ് കുറച്ച് ഉപയോഗിക്കുക തുടങ്ങിയ ചിട്ടയായ ഭക്ഷ ശീലങ്ങള്‍ വഴി ഹെപ്പറ്റൈറ്റിസ് ഉള്‍പ്പടെയുള്ള കരള്‍ സംബന്ധമായ രോഗങ്ങള്‍ പരമാവധി അകറ്റിനിര്‍ത്താനാവും.