ഹൈദരാബാദ്: ലോക ബോളിവുഡ് ദിനം ആഘോഷമാക്കി സിനിമ മേഖലയും ആരാധകരും. ആഗോള സിനിമ മേഖലയില്‍ ബോളിവുഡ് ചിത്രങ്ങളുടെ പ്രാധാന്യം കൂടിയാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്. അതുല്യമായ കഥപറച്ചില്‍, മാസ്‌മരിക സംഗീതം, മനം കവരുന്ന നൃത്ത ചുവടുകള്‍ എന്നിവയാല്‍ ആരാധക ശ്രദ്ധ പിടിച്ച് പറ്റുന്നതാണ് ഓരോ ബോളിവുഡ് സിനിമകളും.
ബോളിവുഡ് എന്നത് ബോംബെയില്‍ നിന്നുള്ള ഹിന്ദി സംസ്‌കാരം, കല, ചലച്ചിത്രം, വ്യവസായം എന്നിവയെ സൂചിപ്പിക്കുന്നതാണ്. ദക്ഷിണേന്ത്യയിലെ മറ്റ് ചലച്ചിത്ര മേഖലകളെ പലപ്പോഴും സ്വന്തം പദവികള്‍ ഉപയോഗിച്ചാണ് പരാമര്‍ശിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് പഴയ പാകിസ്ഥാന്‍ സിനിമകളെല്ലാം ലോളിവുഡ് എന്ന് അറിയപ്പെടാന്‍ കാരണം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ബോളിവുഡ് എന്നത് എല്ലാം ഹിന്ദി സിനിമ മേഖലയെയും അര്‍ഥമാക്കുന്നുണ്ട്. ബോളിവുഡ് ചിത്രങ്ങളിലെ നൃത്ത ചുവടുകള്‍ വളരെ കാലം മുമ്പ് തന്നെ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയതാണ്.
1930 കാലഘട്ടങ്ങളില്‍ അന്നത്തെ സാമൂഹിക പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സിനിമകള്‍ പുറത്തിറങ്ങിയത്. ചിത്രങ്ങള്‍ ഓരോന്നായി പുറത്ത് ഇറങ്ങുന്നതിനൊപ്പം വ്യവസായവും ഇതിനൊപ്പം വളരാന്‍ തുടങ്ങി. തുടര്‍ന്ന് ഇന്ത്യയിലെ മിക്ക വൈവിധ്യമാര്‍ന്ന ഭാഷ ഗ്രൂപ്പുകളിലും നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി തുടങ്ങി. അക്കാലത്താണ് ആദ്യത്തെ കളര്‍ ചിത്രം 'കിസ്‌ന കന്യ' പുറത്തിറങ്ങിയത്.
അപ്പോഴേക്കും ബോളിവുഡ് ചിത്രങ്ങളുടെ റീച്ച് അതിര്‍ വരമ്പുകള്‍ മറികടന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയിരുന്നു. ബോളിവുഡ് സിനിമകള്‍ വിദേശങ്ങളിലുള്ള ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍ മാത്രമല്ല മറ്റ് പ്രേക്ഷകര്‍ക്കിടയിലും ആരാധന വളര്‍ത്തിയിരുന്നു.
ബോളിവുഡ് ചിത്രങ്ങള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പഠാന്‍, ഗദര്‍ 2, ജവാന്‍, ദംഗല്‍ എന്നീ ചിത്രങ്ങള്‍ക്ക് വിദേശത്ത് കാര്യമായ ബോക്‌സോഫിസ് വിജയമാണ് കൊയ്യാനായത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിങ്ഡം, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ബോളിവുഡ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണെന്നതും ശ്രദ്ധേയമാണ്.
വിദേശത്ത് നേട്ടം കൊയ്‌ത ചിത്രങ്ങള്‍:
ജര്‍മനി: ഇര്‍ഫാന്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി റിതേഷ് ബത്ര സംവിധാനം ചെയ്‌ത 'ദി ലഞ്ച് ബോക്‌സ്' എന്ന ചിത്രത്തിന് ഇന്ത്യയില്‍ അധികം നേട്ടം കൊയ്യാനായില്ല. എന്നാല്‍ സംവിധായകനെയും സിനിമ നിര്‍മാതാക്കളെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ജര്‍മനിയില്‍ ചിത്രം വന്‍ വിജയമായത്. ജര്‍മന്‍ ബോക്‌സോഫിസില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്‌ത ചിത്രമായി ഇര്‍ഫാന്‍ ഖാന്‍റെ ദി ലഞ്ച് ബോക്‌സ് മാറുകയായിരുന്നു. ചിത്രം വന്‍ ഹിറ്റായതോടെ ഇന്‍ഫാന്‍ ഖാനും ഒപ്പം ബോളിവുഡിനും ജര്‍മനിയില്‍ ആരാധകരും വര്‍ധിച്ചു.
ചൈന: ആമിര്‍ ഖാന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ദംഗലിന് ചൈനയില്‍ വന്‍ വിജയമാകാനായി. നിതേശ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2016ലാണ് തിയേറ്ററുകളില്‍ എത്തിയത്. മഹാവീര്‍ സിങ് ഫോഗട്ട് എന്നയാളുടെയും പെണ്‍മക്കളുടെയും കഥ പറയുന്നതാണ് ചിത്രം. ദംഗല്‍ എന്ന ഹിന്ദി പദത്തിന് അര്‍ഥം ഗുസ്‌തി അല്ലെങ്കില്‍ മല്ലയുദ്ധം എന്നാണ്. ചൈനയില്‍ വന്‍ വിജയമായ ചിത്രം $216, 200,000 ഡോളര്‍ കടന്നിരുന്നു. ആമിര്‍ ഖാന്‍റെ മറ്റ് ചിത്രങ്ങളായ 3 ഇഡിയറ്റ്‌സ്, ഗജിനി, താരേ സമീന്‍ പര്‍ തുടങ്ങിയവയും ചൈനയില്‍ വന്‍ ഹിറ്റായിരുന്നു.
റഷ്യ: റഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ് എസ്‌ആര്‍കെ. ' മൈ നെയിം ഈസ് ഖാന്‍' എന്ന ഷാരൂഖ് ഖാന്‍റെ ചിത്രം റഷ്യയില്‍ വന്‍ വിജയമായിരുന്നു. 161,064 ഡോളര്‍ കലക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. പഴയ സോവിയറ്റ് യൂണിയനിലും ഏറ്റവും കൂടുതല്‍ കലക്ഷന്‍ വാരിക്കൂട്ടിയ ചിത്രവും കിങ് ഖാന്‍റെ 'മൈ നെയിം ഈസ് ഖാന്‍' ആയിരുന്നു.
പാകിസ്ഥാന്‍: സല്‍മാന്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി കിരണ്‍ കെട്രിയാലും ഷിറാസ് അഹമ്മദും ചേര്‍ന്നൊരുക്കിയ ചിത്രം റേസ് 3യാണ് പാകിസ്ഥാനില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ഇന്ത്യന്‍ ഹിന്ദി ചിത്രങ്ങളിലൊന്ന്. ആക്ഷന്‍ ക്രൈം ചിത്രമായ റേസ് 3യ്‌ക്ക് പാകിസ്ഥാന്‍ ബോക്‌സ് ഓഫിസില്‍ ലഭിച്ചത് $2,732, 959 ഡോളറായിരുന്നു.
ബോളിവുഡ് എക്കണോമിക് ഇംപാക്‌ട്: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്‌ക്കും ആഗോള ചലചിത്ര വ്യവസായത്തിനും ഗണ്യമായ സംഭാവനയാണ് ബോളിവുഡ് എന്നത്. ബോളിവുഡില്‍ പ്രതിവര്‍ഷം ഏകദേശം 1000 ചിത്രങ്ങള്‍ നിര്‍മിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ലെ പഠനം അനുസരിച്ച് ബില്യണ്‍ ഡോളര്‍ കണക്കിന് സാമ്പത്തിക ലാഭമാണ് ഇതിലൂടെ ഇന്ത്യ കൈവരിക്കുന്നത്. മാത്രമല്ല 840,000 ലധികം പേര്‍ക്ക് ബോളിവുഡ് വ്യവസായത്തിലൂടെ നേരിട്ട് തൊഴില്‍ ലഭിക്കുന്നുമുണ്ട്.
സാമൂഹിക സാംസ്‌കാരിക സ്വാധീനം: ഇന്ത്യക്ക് അകത്തും പുറത്തും സാമൂഹികവും സാംസ്‌കാരികവുമായ മാനദണ്ഡങ്ങളില്‍ ബോളിവുഡിന് വലിയ സ്വാധീനമുണ്ട്. ലിംഗപരമായ അസമത്വം, ജാതി വിവേചനം, ദാരിദ്ര്യം തുടങ്ങിയ ചില സാമൂഹിക പ്രശ്‌നങ്ങളാണ് ബോളിവുഡ് സിനിമകൾ പലപ്പോഴും ചിത്രീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നത് കൂടിയാണ് ഇത്തരം ബോളിവുഡ് ചിത്രങ്ങള്‍.
ഫ്യൂച്ചര്‍ ഓഫ് ബോളിവുഡ്: മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ബോളിവുഡ് മേഖലയില്‍ ഇപ്പോള്‍ മികച്ച സംവിധാനങ്ങളാണ് ഉള്ളത്. കഥ പറച്ചിലില്‍ അടക്കമുള്ള സാങ്കേതിക വിദ്യകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത്യാധുനിക വിഷ്വല്‍ ഇഫക്‌ടറ്റാണ് ബോളിവുഡ് ചിത്രങ്ങളിലേത്. ലോക ബോളിവുഡ് ദിനം ബോളിവുഡ് മെനയുന്ന മന്ത്രികതയുടെ കൂടി ആഘോഷമാണെന്ന് പറയാം. വിവിധയിടങ്ങളിലായി ആഘോഷത്തിന്‍റെ ഭാഗമായി സിനിമ പ്രദർശനങ്ങൾ, നൃത്ത പ്രകടനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും. ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ ഓര്‍മകള്‍ പങ്കുവയ്‌ക്കാനും ഈ ദിനം പ്രയോജനപ്പെടുത്തും.