മാൾഡ (പശ്ചിമ ബംഗാള്‍): കൂലി നൽകാത്തതിനെ തുടർന്ന് ഏജന്‍റിനെ വെട്ടി കൊലപ്പെടുത്തി തൊഴിലാളിയും കൂട്ടാളികളും. ചഞ്ചൽ ബ്ലോക്ക് 2ലെ ജലാൽപൂർ ഗ്രാമപഞ്ചായത്തിലെ ദുർഗാപൂർ ഗ്രാമത്തിൽ ഞായറാഴ്‌ച (ഒക്‌ടോബർ 29) വൈകിട്ടാണ് സംഭവം. ജോലിക്കായി തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്ന ഏജന്‍റായ മസിദുർ റഹ്മാൻ (40) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊല്ലപ്പെട്ട മസിദുർ റഹ്മാന്‍റെ ഭാര്യ നിരവധി പേർക്കെതിരെ ചഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൂലിയായി നൽകേണ്ട 4500 രൂപയ്‌ക്കായാണ് കുടിയേറ്റ തൊഴിലാളി അൻസാറുൽ ഹഖും കൂട്ടാളികളും മസിദുർ റഹ്മാനെ വെട്ടിക്കൊന്നതെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മസിദൂറിന് കടബാധ്യതയും ഉണ്ടായിരുന്നു.
തൊഴിലെടുത്തതിന്‍റെ കൂലിയായ 4500 രൂപ അൻസാറുൽ ഹഖിന് നൽകാൻ സാമ്പത്തിക ബാധ്യതകളെ തുടർന്ന് മസിദുറിന് കഴിഞ്ഞിരുന്നില്ല. കൂലിക്കായി ഹഖ് പലതവണ മസിദുറിനെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം പ്രദേശത്തെ മറ്റൊരു കരാറുകാരനായ യൂനുസ് അലി, മസിദൂറുമായി കച്ചവടം നടത്തിയിരുന്നതായി കുടുംബം പറയുന്നു.
യൂനുസ് അലി ബിസിനസ് ആവശ്യങ്ങൾക്കായി മസുദൂറിൽ നിന്നും നാലര ലക്ഷം രൂപ വാങ്ങിയിരുന്നതായും പലതവണ ആവശ്യപ്പെട്ടിട്ടും യൂനുസ് പണം തിരികെ നൽകിയില്ലെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ മധ്യസ്ഥ ചർച്ചയ്‌ക്കായി ഗ്രാമത്തിൽ ആർബിട്രേഷൻ യോഗങ്ങളും നടന്നിരുന്നതായി അവർ അറിയിച്ചു.
കഴിഞ്ഞ കൂടിക്കാഴ്‌ചയിൽ മസിദൂറിന് പണം നൽകുമെന്ന് യൂനുസ് സമ്മതിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നൽകാൻ കഴിഞ്ഞില്ല. യോഗത്തിൽ തീരുമാനിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാൾ മസിദൂറിന് പണം തിരികെ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മസിദൂർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതെന്നാണ് കുടുംബം പറയുന്നത്.
'ഞങ്ങളുടെ വീട് സാംസിയിലെ കുസ്രക്ഷ ഗ്രാമത്തിലാണ്. മസിദൂറിന് ലഭിക്കാനുള്ള നാലര ലക്ഷം രൂപ ഉടൻ ലഭിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ അയാൾ പണം തിരികെ നൽകിയില്ല. ഒരു തൊഴിലാളിക്ക് 4500 രൂപ കൂലിയായി ഭർത്താവ് നൽകുമെന്നും അവൾ പറഞ്ഞു. മസിദുറിനെ തേടിയാണ് തൊഴിലാളി വന്നതെന്നും അവൾ പറഞ്ഞു'- മസിദൂറിന്‍റെ ബന്ധു സലേമ ബീബി വ്യക്തമാക്കി.
അതേസമയം മസിദുറിനെ വീട്ടിൽ കാണാതെ വന്നതോടെ അൻസാറുൽ ഹഖ് രാത്രി മുഴുവൻ വീടിനു മുന്നിൽ കാവൽ നിന്നെന്നും പണം കിട്ടിയില്ലെങ്കിൽ മസിദൂറിനെ കൊലപ്പെടുത്തുമെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. രാത്രി 10 മണിയോടെയാകാം മസിദുറിനെ ഹഖ് കൊലപ്പെടുത്തിയതെന്നും ഹഖിന്‍റെ ദേഹത്ത് കത്തി കൊണ്ട് മുറിവേറ്റിരുന്നു എന്നും കുടുംബം പറഞ്ഞു.
കുത്തേറ്റ നിലയിൽ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ മസിദുർ വീട്ടുമുറ്റത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മസിദൂറിന്‍റെ ഭാര്യാസഹോദരൻ അബു കലാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രണ്ട് പേർ മസിദൂറിനെ തിരഞ്ഞ് വീട്ടിൽ വന്നിരുന്നെന്നും എന്ത് വന്നാലും 4500 രൂപ വാങ്ങിച്ചെടുക്കുമെന്ന് ഇരുവരും പറഞ്ഞെന്നും ഇയാൾ പറഞ്ഞു. മസിദൂറിന്‍റേത് കൊലപാതകമാണെന്നും കഴുത്തിൽ കുത്തേറ്റിട്ടുണ്ടെന്നും അബു കലാം വ്യക്തമാക്കി.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ചഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാൾഡ മെഡിക്കൽ കോളജിലേക്ക് അയച്ചിരിക്കുകയാണ്.