ഖഗാരിയ(ബിഹാര്‍) : അനസ്‌തേഷ്യ നല്‍കാതെ 23 സ്‌ത്രീകളെ ബിഹാറില്‍ വന്ധീകരണ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയതായി പരാതി. ഖാഗ്രിയ ജില്ലയിലെ, സര്‍ക്കാരിന്‍റെ അലൗലി ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ സ്‌ത്രീകള്‍ അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ച് രംഗത്ത് വന്നു. എന്നാല്‍ ഇവര്‍ പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.
30 പേരുടെ വന്ധീകരണ ശസ്‌ത്രക്രിയയായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ വേദനസംഹാരി നല്‍കാതെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന സ്‌ത്രീകള്‍ നിലവിളിക്കുന്നത് കേട്ടപ്പോള്‍ 7 പേര്‍ ഓടി രക്ഷപ്പെട്ടെന്നും സ്‌ത്രീകള്‍ വെളിപ്പെടുത്തി.
ശസ്ത്രക്രിയയ്‌ക്ക് വിധേയരായ സ്ത്രീകളില്‍ ഒരാളായ പ്രതിമ തന്‍റെ അനുഭവം പങ്കുവച്ചത് ഇങ്ങനെ' ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കേള്‍ക്കുന്നത് ശസ്ത്രക്രിയയ്‌ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്‌ത്രീകള്‍ വേദന കൊണ്ട് നിലവിളിക്കുന്നതാണ്. എന്തുകൊണ്ടാണ് അവര്‍ നിലവിളിക്കുന്നത് എന്ന് ഞാന്‍ ഡോക്‌ടര്‍മാരോട് ചോദിച്ചെങ്കിലും ആരും മറുപടി തന്നില്ല. അനസ്‌തേഷ്യ നല്‍കാതെയാണ് അവര്‍ എന്‍റെ ശസ്‌ത്രക്രിയ നടത്താന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
അനസ്‌തേഷ്യ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറാകാതെ ശസ്‌ത്രക്രിയ ആരംഭിക്കുകയാണ് ചെയ്‌തത്. വേദനകൊണ്ട് ഞാന്‍ പുളഞ്ഞപ്പോള്‍ നാല് പുരുഷന്‍മാര്‍ എന്നെ പിടിച്ച് നിര്‍ത്തിയാണ് എന്‍റെ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. എന്നാല്‍ സര്‍ജറിക്ക് ശേഷം എന്നെ മയക്കി. അതിന് ശേഷം എന്താണ് നടന്നതെന്ന് എനിക്ക് ഓര്‍മയില്ല'.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.