ഹൈദരാബാദ് : പുതിയ കാലത്ത് എല്ലാ മേഖലകളിലും സ്‌ത്രീകൾ മുന്നേറുകയാണ്. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ സ്‌ത്രീകൾ പിന്നോട്ടാണെന്ന് പല കണക്കുകളും വ്യക്തമാക്കുന്നു. ഇന്നും സാമ്പത്തിക കാര്യങ്ങൾക്കായി അച്ഛനെയോ സഹോദരനെയോ ഭർത്താവിനെയോ പല സ്‌ത്രീകൾക്കും ആശ്രയിക്കേണ്ടി വരുന്നു.
ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് നയരൂപീകരണത്തിലടക്കം സ്‌ത്രീകൾ വലിയ ഇടപെടലുകൾ നടത്തുന്ന സമയത്താണ് ഒരു വിഭാഗത്തിന് ഇപ്പോഴും സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത്. സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് ഇതിന് പ്രധാന കാരണം (If women do not increase awareness about financial matters there will be trouble).
ചില സ്‌ത്രീകൾക്ക് സമ്പാദിച്ച പണം ഭർത്താവിനെയോ രക്ഷിതാക്കളെയോ ഏൽപ്പിക്കേണ്ടി വരുന്നു. പിന്നീട് ചെറിയ ആവശ്യങ്ങൾക്ക് പോലും സ്വന്തം പണത്തിനായി മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാൻ അവർ നിർബന്ധിതരാകുന്നു. വളരെ അപകടകരമായ ഒരു സാഹചര്യമാണിത്. സ്വയംപരാപ്‌തതയിലേക്കുള്ള യാത്രയ്‌ക്ക് വിലങ്ങുതടിയാകുന്ന ഇത്തരം രീതികളോട് സ്‌ത്രീകൾ 'ബൈ' 'ബൈ' പറയേണ്ട കാലം അതിക്രമിച്ചുവെന്നാണ് വിലയിരുത്തല്‍.
സാമ്പത്തികമായി സ്വയംപര്യാപ്‌തരാവുക എന്നത് പുരുഷന്മാരെ പോലെ തന്നെ സ്‌ത്രീകൾക്കും ഏറെ പ്രധാനമാണ്. വിവാഹം കഴിഞ്ഞാലും ഇതിൽ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്‌തുത. പണത്തിനായി പങ്കാളിയെ ആശ്രയിക്കുന്നത് നല്ല പ്രവണതയായി കണക്കാനാവില്ല. കല്യാണം കഴിഞ്ഞാലും സ്‌ത്രീകൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ജോലി ഉപേക്ഷിക്കരുത്!
വിവാഹം കഴിഞ്ഞ ശേഷം ജോലി ഉപേക്ഷിക്കുന്ന സ്‌ത്രീകൾ ധാരാളമാണ്. വ്യക്തിപരവും കുടുംബപരവുമായ സാഹചര്യങ്ങൾ മൂലമാണ് പല സ്‌ത്രീകളും ജോലി രാജിവെക്കുന്നത്. ഇനി സമ്പാദിക്കേണ്ട ആവശ്യമില്ലെന്നും പങ്കാളി സാമ്പത്തിക കാര്യങ്ങൾ നോക്കിക്കൊള്ളുമെന്നും കരുതി ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറച്ചല്ല.
ഇവ രണ്ടും സാമ്പത്തികമായി ഗുണം ചെയ്യുന്ന തീരുമാനങ്ങളല്ല. തുടക്കത്തിൽ നല്ലതെന്ന് തോന്നുമെങ്കിലും, ഭാവിയിൽ എല്ലാ ചെറിയ ആവശ്യങ്ങൾക്കും ഭർത്താവിനെ ആശ്രയിക്കേണ്ടിവരും. അതുകൊണ്ട് വിവാഹം കഴിഞ്ഞാലും ജോലി ഉപേക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഭാവിയിൽ ഒറ്റയ്‌ക്ക് ജീവിക്കേണ്ടി വന്നാലും സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുകയില്ല.
അവബോധം വളർത്തുക!
ചില പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് പിതാവിനെയും വിവാഹശേഷം ഭർത്താവിനെയും സാമ്പത്തിക കാര്യങ്ങൾക്ക് ആശ്രയിക്കുന്നു. നല്ല വരുമാനമാണെങ്കിലും പണം സ്വയം കൈകാര്യം ചെയ്യാൻ പലർക്കും കഴിയാറില്ല. മണി - സേവിംഗ് - ഇൻവസ്റ്റ്‌മെന്‍റ് (നിക്ഷേപം) എന്നിവ സംബന്ധിച്ച് അവബോധമില്ലാത്തതാണ് ഇതിന് കാരണം.
നമ്മൾ എന്തിന് പണം സേവ് ചെയ്യണം? ലാഭം നേടാൻ എങ്ങനെ നിക്ഷേപം നടത്തണം? ഇത്തരം അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്‌ധർ പറയുന്നു. ചിലപ്പോൾ ഇത്തരം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ എല്ലാവർക്കും ഒരുപോലെ സാധിക്കണമെന്നില്ല. അതിനാൽ വിദഗ്‌ധരുടെ ഉപദേശം തേടുകയും ഓരോ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക കാര്യങ്ങളിൽ മറ്റൊരാളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാം.
നിങ്ങൾക്കുവേണ്ടിയും നിലകൊള്ളുക
പല സർവേകളും വ്യക്തമാക്കുന്നത്, സ്‌ത്രീകൾ വീട്ടു ജോലികൾ ചെയ്യുമ്പോൾ പുരുഷൻമാരാണ് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ആധിപത്യം പുലർത്തുന്നത് എന്നതാണ്. നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ പോലുള്ള തീരുമാനങ്ങൾ പുരുഷന്മാർ എടുക്കുന്നു. എന്നാൽ ഇക്കാലത്ത് ചില സ്‌ത്രീകൾ ഈ 'പരമ്പരാഗത ശീല'ത്തിൽ നിന്നും വ്യതിചലിച്ച് മറ്റ് സ്‌ത്രീകൾക്ക് പ്രചോദനം നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.
റിയൽ എസ്റ്റേറ്റും മറ്റ് ആസ്‌തികളും വാങ്ങുന്ന സ്‌ത്രീകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന വസ്‌തുവകകൾ നിങ്ങളുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്. അത് നിങ്ങൾക്ക് തരുന്ന ആത്മവിശ്വാസം ചെറുതാകില്ല. ഭാവിയിൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ആർജവം നിങ്ങൾക്കുണ്ടാകും.
ഇക്കാര്യങ്ങളും ശ്രദ്ധിക്കാം
- സ്‌ത്രീകൾ നിർബന്ധമായും മെഡിക്കൽ ഇൻഷുറൻസ് എടുക്കണം. അപ്രതീക്ഷിതമായി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇത് നിങ്ങളെ രക്ഷിക്കും.
- നിങ്ങളുടെ അടുത്ത ബന്ധുക്കളോ മറ്റ് കുടുംബാംഗങ്ങളോ നിങ്ങളോട് ഏതെങ്കിലും രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെടുകയാണെങ്കിൽ, അവ നന്നായി വായിച്ചതിനുശേഷം മാത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ബന്ധപ്പെട്ട രേഖകൾ എന്തിനെക്കുറിച്ചാണെന്ന് അറിയില്ലെങ്കിൽ, വിദഗ്‌ധരുമായി കൂടിയാലോചിക്കുന്നതിൽ തെറ്റില്ല.
READ ALSO: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; സാമ്പത്തിക സംരക്ഷണത്തിന് എന്തെല്ലാം വഴികൾ?