നോയിഡ(ഉത്തര്‍പ്രദേശ്) : വ്യാജ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് നടുക്കുന്ന സംഭവം. പ്രിയരഞ്ജൻ താക്കൂര്‍ എന്നയാളാണ് പിടിയിലായത്. ഇദ്ദേഹത്തിന്‍റെ എംബിബിഎസ് ഡിഗ്രി വ്യാജമാണെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രാജേഷ് പറഞ്ഞു.
ഗാസിയാബാദിലെ ഇന്ദിരാപുരം സ്വദേശിനിയാണ് മരിച്ച യുവതി. വന്ധ്യതാ ചികിത്സയ്ക്കായി,താക്കൂറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ രണ്ട് മാസമായി യുവതി എത്തുന്നുണ്ട്. ഇയാളുടെ തട്ടിപ്പുചികിത്സയെ തുടര്‍ന്ന് ഓഗസ്റ്റ് 16ന് യുവതിയുടെ നില ഗുരുതരമായി.
ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 26ന് യുവതി മരിച്ചു. ഇതോടെ യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താക്കൂര്‍ 2005ല്‍ മദേപുരയിലെ ഭൂപേന്ദ്ര നാരായണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് ഡിഗ്രി നേടിയെന്നത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു.
40കാരനായ വ്യാജ ഡോക്‌ടര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 338 (അശ്രദ്ധമൂലം മനുഷ്യജീവന്‍ അപകടത്തിലാക്കല്‍), 304 (അശ്രദ്ധ മൂലം മരണം സംഭവിക്കല്‍) 420(വഞ്ചന), 467,468,471(വ്യാജ രേഖയുണ്ടാക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.