ഗുരുഗ്രാം(ഹരിയാന): സുഹൃത്തിന്‍റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ പണം തട്ടിയെടുത്ത് അജ്ഞാതന്‍. വാട്‌സ്‌ആപ്പ് വഴി യുവതിയുടെ സുഹൃത്തിന്‍റെ പ്രൊഫൈല്‍ ഫോട്ടോയും നമ്പരും ഉപയോഗിച്ചായിരുന്നു ഇയാള്‍ പണം തട്ടിയത്. കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വ്യാഴാഴ്‌ചയായിരുന്നു(2.02.2023) സുഹൃത്താണെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ ഇയാള്‍ യുവതിയെ വാട്‌സ്‌ആപ്പ് വഴി കോള്‍ ചെയ്‌തത്. ശബ്‌ദം വ്യക്തമാകാത്തതിനെ തുടര്‍ന്ന് കോള്‍ കട്ട് ആകുകയും തുടര്‍ന്ന് വാട്‌സ്‌ആപ്പില്‍ ഇയാള്‍ സന്ദേശം അയക്കുകയുമായിരുന്നു. വീട്ടില്‍ വലിയ അപകടമുണ്ടായെന്നും ഉടനടി പണം നല്‍കി സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യുവതിയ്‌ക്ക് സന്ദേശം ലഭിച്ചത്.
തുടര്‍ന്ന് ഇയാള്‍ രണ്ട് യുപിഐ ഐഡിയും യുവതിയ്‌ക്ക് അയച്ചുകൊടുത്തു. സുഹൃത്താണെന്ന് കരുതിയ യുവതി തന്‍റെയും സഹോദരങ്ങളുടെയും അക്കൗണ്ടില്‍ നിന്ന് ആറ് തവണയായി ഇയാള്‍ക്ക് മൂന്ന് ലക്ഷം രൂപ അയച്ചുകൊടുത്തു. എന്നാല്‍, സംശയം തോന്നിയ യുവതി തന്‍റെ സുഹൃത്തിനെ സാധാരണ ഫോണ്‍ കോള്‍ വഴി ബന്ധപ്പെട്ടപ്പോഴാണ് അയാള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സുഹൃത്തിന്‍റെ പേരില്‍ ആരോ തന്നെ കബളിപ്പിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്‌തത്.
തുടര്‍ന്ന്, യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഐപിസിയിലെ 419(ആള്‍മാറാട്ടം നടത്തി കബളിപ്പിക്കുക), 420(വഞ്ചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഉചിതമായ നടപടിയെടുത്തിട്ടുണ്ടെന്നും തട്ടിപ്പിനെതുടര്‍ന്ന് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.