ജയ്‌പൂർ: വളർത്തുനായകളുടെ സ്‌നേഹത്തെക്കുറിച്ചുളള വാർത്തകൾ എന്നും വ്യത്യസ്‌തതയേകാറുണ്ട്. പോറ്റുന്നവരോട് നായകൾ കാണിക്കുന്ന സ്‌നേഹം എപ്പോഴും ആളുകൾക്കിടയിൽ സ്വീകാര്യതയും നേടും. ഇതിൽ നിന്ന് വ്യത്യസ്‌തമായി, കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും കാണാതായ വളർത്തുനായയെ അന്വേഷണത്തിനൊടുവിൽ കണ്ടുപിടിച്ചിരിക്കുകയാണ് ജയ്‌പൂർ സ്വദേശിയായ അനിത ജോത്വാനി.
അനിത ജോത്വാനി തന്‍റെ വളർത്തുനായയായ പോപ്കോണിനെ അമിതമായി സ്‌നേഹിച്ചിരുന്നു. പോപ്‌കോണിനെ ഏറെ നേരമൊന്നും കാണാതിരിക്കാന്‍ അനിതയ്‌ക്ക് കഴിയില്ല. ഇതിനിടെയാണ് പോപ്‌കോണിനെ കാണാതായത്. വളരെ വിഷമത്തിലായ അനിത നാലു ദിവസം ഭക്ഷണം പോലും കഴിക്കാതെ തന്‍റെ പ്രിയപ്പെട്ട നായക്കുട്ടിയ്‌ക്കായി കാത്തിരുന്നു.
നാലു ദിവസം കഴിഞ്ഞും പോപ്‌കോണ്‍ മടങ്ങിയെത്താതായതോടെ യുവതി, തന്‍റെ നായയെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. പത്തോ പതിനായിരമോ അല്ല, ഒരു ലക്ഷം രൂപയാണ് അനിത പാരിതോഷികമായി നല്‍കാമെന്ന് അറിയിച്ചത് (Jaipur women announces rs 1 lakh reward for missing pet dog). പിന്നാലെ പോപ്‌കോണിനെ അനിതയ്‌ക്ക് തിരിച്ചു കിട്ടി. അവരുടെ സന്തോ്യത്തിന് അതിരില്ലായിരുന്നു.
ജയ്‌പൂരിലെ മാളവ്യ നഗർ മേഖലയിലാണ് സംഭവം. മോഡൽ ടൗണിൽ താമസിക്കുന്ന അനിത ജോത്വാനിയുടെ വളർത്തുനായയെ നാല് ദിവസം മുമ്പാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്‌ടിക്കുകയായിരുന്നു. മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. പരിശീലകനായ രഞ്ജിത് യാദവാണ് തന്‍റെ വളർത്തുനായയെ നടക്കാനായി കൊണ്ടുപോയത് എന്ന് യുവതി പൊലീസിനോട് പറഞ്ഞു.
പരിശീലകനായ രഞ്ജിത് യാദവ് തിരികെ എത്തിയപ്പോൾ പോപ്‌കോൺ അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നില്ല. കൂടെ നിന്ന് ഫോട്ടോയെടുക്കാനെന്ന വ്യാജേന കാറിലെത്തിയ രണ്ട് യുവാക്കൾ പോപ്‌കോണിനെ എടുത്ത് ഓടി രക്ഷപ്പെട്ടതായി ചോദ്യം ചെയ്യലിൽ ഇയാള്‍ പറഞ്ഞു. പൊലീസ് അന്വേഷിച്ചപ്പോള്‍ നമ്പറില്ലാത്ത കാറിൽ രണ്ട് യുവാക്കൾ പോപ്‌കോണിനെ കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ നായയെ യുവാക്കൾ കൊണ്ടുപോവുമ്പോൾ പരിശീലകൻ പ്രതികരിച്ചിരുന്നില്ല.
പരിശീലകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്‌ത ശേഷം ശനിയാഴ്‌ച കസ്‌റ്റഡിയിലെടുത്തു. തുടർന്നുളള അന്വേഷണത്തിൽ വളർത്തു നായയായ പോപ്‌കോണിനെ കണ്ടെത്തുകയായിരുന്നു. കൂടാതെ നായയെ കൊണ്ടുപോയ നമ്പർ പ്ലേറ്റില്ലാത്ത വാഹനം പിടികൂടുകയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. പ്രതികളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ യുവാക്കളുമായി കൈകോർത്തതായി സംശയിക്കുന്ന പരിശീലകൻ രഞ്ജിത് യാദവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അനിത ജോത്വാനിക്ക് തന്‍റെ വളർത്തുനായയെ വളരെ ഇഷ്‌ടമാണെന്നും അവർക്ക് രണ്ട് നായ്ക്കൾ ഉണ്ടെന്നും മാളവ്യ നഗർ പൊലീസ് ഓഫിസർ പൂനം ചൗധരി പറഞ്ഞു. ഇതിൽ ഒരെണ്ണമായിരുന്നു മോഷണം പോയിരുന്നത്. നായയെ മോഷ്‌ടിച്ച രണ്ട് യുവാക്കൾ ഒളിവിലാണെന്ന് യുവതി പറഞ്ഞു.
Also read: മാറിയത് ഒട്ടിയ വയറും ദയനീയ മുഖവുമല്ല, ജീവിതം തന്നെ; ഷെരീഫിന്‍റെ 'ബാഷ'യ്‌ക്ക് ഇത് പുതുജന്മം