ഗുരുഗ്രാം (ഹരിയാന): ഹരിയാനയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ഡൽഹി-ജയ്‌പൂർ ഹൈവേയിൽ ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ സംശയാസ്‌പദമായ ഒരു സ്യൂട്ട്കേസ് കിടക്കുന്ന വിവരം ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്യൂട്ട്കേസിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. 'യുവതിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ബലാത്സംഗം നടന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൃതദേഹത്തിന്‍റെ ഇടുപ്പിൽ പൊള്ളലേറ്റതായി തോന്നുന്ന ചില പാടുകളുണ്ട്, ജനനേന്ദ്രിയത്തിലും മുറിവേറ്റ പാടുകളുണ്ടെന്ന്' പോസ്‌റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്‌ടർ വ്യക്തമാക്കി.
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കേസിനുള്ളിലാക്കിയതാണ്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വെസ്‌റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.