ഛത്ര(ജാർഖണ്ഡ്): നവജാത ശിശുവിന്‍റെ മൃതദേഹം തടവുപുള്ളിയായ ഭർത്താവിനെ കാണിക്കാൻ ജയിലിന് മുന്നിൽ ഭാര്യ കാത്തുനിന്നത് 7 മണിക്കൂറോളം. എന്നാൽ ഏഴ് മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷവും മാനുവൽ പ്രകാരം ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ച് അധികൃതർ യുവതിയെ മടക്കി അയയ്‌ക്കുകയായിരുന്നു. ജാർഖണ്ഡ് ജില്ലയിലെ മണ്ഡൽ ജയിലിലാണ് ഉദ്യോഗസ്ഥരുടെ സ്വേച്ഛാധിപത്യ നടപടി.
ഛത്ര ജില്ലയിലെ ബന്ദർച്ചുവാൻ ഗ്രാമത്തിലെ ചുമാൻ മഹാതോയുടെ ഭാര്യ ഫൂൽ ദേവി വെള്ളിയാഴ്‌ച രാത്രിയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഏഴ് മാസമായി എൻഡിപിഎസ് നിയമവുമായി ബന്ധപ്പെട്ട് മണ്ഡല്‍ ജയിലിലാണ് കുട്ടിയുടെ പിതാവായ ചുമാൻ. പ്രസവ സമയത്ത് അമ്മയും കുഞ്ഞും ആരോഗ്യവാനായിരുന്നു. എന്നാൽ ആരോഗ്യനില പെട്ടന്ന് വഷളായതിനെത്തുടർന്ന് ശനിയാഴ്‌ച രാത്രിയോടെ കുട്ടി മരിച്ചു.
തുടർന്ന് ചുമാനെ കുട്ടിയുടെ മൃതദേഹം അവസാനമായി കാണിക്കുന്നതിനായി കുടുംബം ജയിലിലേക്ക് പോയി. രാവിലെ 8 മണിയോടെ മൃതദേഹവുമായി ജയിലിലെത്തിയ ഫൂൽ ദേവി ഉച്ചയ്‌ക്ക് 2 മണിവരെ ജയിലിന് പുറത്ത് കാത്തുനിന്നെങ്കിലും അകത്തേക്ക് കടക്കുന്നതിന് ജയിൽ അധികൃതർ അനുവദിച്ചില്ല. തുടർന്ന് മൃതദേഹവുമായി ഇവർ തിരികെ പോരുകയായിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഛത്ര ജയിലർ ദിനേശ് വർമ രംഗത്തെത്തി. ഞായറാഴ്‌ച തടവുകാരെ കാണാൻ അനുവദിക്കാറില്ല. നവജാതശിശുവിന്‍റെ മൃതദേഹവുമായി ഒരു സ്ത്രീ ഗേറ്റിന് സമീപം ഉണ്ടെന്ന് വിവരം ലഭിച്ചു. ഈ വിവരം ഡിവിഷണൽ ജയിൽ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. എന്നാൽ ജയിൽ മാനുവൽ പാലിക്കാനാണ് അദ്ദേഹം നിർദേശം നൽകിയത്... ദിനേശ് വർമ പറഞ്ഞു.