കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കുടുംബ പ്രശ്‌നത്തെ തുടർന്ന് യുവതി ആറ് മാസം പ്രായമായ കുഞ്ഞിനെ പാലത്തിൽ നിന്ന് നദിയിലേക്ക് എറിഞ്ഞു. ദൃക്‌സാക്ഷികളുടെ ശ്രമഫലമായി കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ മുർഷിദാബാദിലെ രഘുനാഥ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ജംഗിപൂർ ഭാഗീരഥി പാലത്തിലാണ് സംഭവം.
കേസിൽ മൊഹൽദാർപാറ സ്വദേശിനിയായ റോക്കിയ ബീബി എന്ന യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മാനസിക വിഷാദത്തിലായിരുന്ന യുവതി തന്‍റെ ആറ് മാസമായ ആൺകുഞ്ഞുമായി പാലത്തിലെത്തുകയായിരുന്നു. കൂടുതൽ നേരം പാലത്തിൽ കുഞ്ഞുമായി നിൽക്കുന്നത് കണ്ട് സംശയം തോന്നി യുവതിയുടെ അടുത്തേക്ക് കണ്ടുനിന്നവർ വരാൻ ശ്രമിച്ചപ്പോൾ യുവതി കുഞ്ഞിനെ പാലത്തിൽ നിന്ന് ഗംഗ നദിയിലേക്ക് എറിയുകയായിരുന്നു.
സംഭവം കണ്ടുനിന്ന രണ്ട് യുവാക്കൾ ഉടനെ നദിയിലേക്ക് എടുത്ത് ചാടുകയും അതേസമത്ത് പുഴയിലുണ്ടായിരുന്ന കടത്തുവള്ളത്തിൽ കയറ്റി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. ജംഗിപൂർ ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പാലത്തിന് മുകളിൽ സുഹൃത്തുക്കളുമൊത്ത് സംസാരിച്ച് നിൽക്കുമ്പോൾ നദിയിലേക്ക് എന്തോ വീഴുന്നതിന്‍റെ ശബ്‌ദം കേട്ടു. ആദ്യം ചാക്കാണെന്നാണ് കരുതിയത്. പെട്ടെന്ന് പാലത്തിൽ നിരവധി പേർ തടിച്ചുകൂടി. പുഴയിലേക്ക് നോക്കിയപ്പോൾ കുഞ്ഞ് ഒഴുകുന്നതായി കണ്ടു. ഞാൻ ഉടനെ വെള്ളത്തിലേക്ക് ചാടി. ശേഷം യുവതിയും പുഴയിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും പാലത്തിലുണ്ടായിരുന്ന ആളുകൾ തടയുകയായിരുന്നു - രക്ഷപ്രവർത്തനം നടത്തിയ രാജ്‌കുമാർ മഹൽ പറഞ്ഞു.
അതേസമയം ഭർത്താവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾ കാരണം യുവതി വിഷാദ രോഗിയായിരുന്നെന്നും കുടുംബത്തിൽ കലഹങ്ങൾ ഉണ്ടായിരുന്നതായും കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി. യുവതി നേരത്തേയും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.