മധുരൈ: സ്വന്തം മകനെയുൾപ്പെടെ കൗമാരക്കാരായ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ സർക്കാർ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. മധുരൈ-ശിവഗംഗ ജില്ല അതിർത്തി പ്രദേശത്തുള്ള സർക്കാർ പ്രൈമറി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്‌തുവരുന്ന 45കാരിയായ സ്‌ത്രീയാണ് മധുരൈ സിറ്റി പൊലീസിന്‍റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ വീരമണി (39) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
ഭർത്താവുമായി വേർപിരിഞ്ഞ അധ്യാപിക സ്വന്തമായി ട്യൂഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. ഇവർക്ക് കോളജിൽ പഠിക്കുന്ന ഒരു മകനുമുണ്ട്. മകനുൾപ്പെടെ മറ്റ് വിദ്യാർഥികൾക്കും അധ്യാപിക ട്യൂഷൻ പഠിപ്പിക്കുന്നുണ്ടായിരുന്നു. വീരമണിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് വിഷയം പുറംലോകമറിയുന്നത്.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: ഫോണിൽ നിന്നും 16ഉം 18ഉം പ്രായമുള്ള വിദ്യാർഥികളെ അധ്യാപിക ലൈംഗിക ചൂഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയുണ്ടായി. മധുരൈ തനക്കംകുളം സ്വദേശിയായ വീരമണിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് ഭർത്താവ് അധ്യാപികയെ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇരുവരും അശ്ലീല വീഡിയോകൾ കാണുകയും ഒന്നിലധികം പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു. അതിനായി അധ്യാപിക തന്‍റെ സ്ഥാപനത്തിൽ പഠിക്കാനെത്തിയ രണ്ട് വിദ്യാർഥികളെ ഉപയോഗിക്കാനും പദ്ധതിയിട്ടു.
അതനുസരിച്ച് വിദ്യാർഥികൾക്ക് അശ്ലീലചിത്രങ്ങൾ അയച്ചുനൽകി ഇവരുടെ കെണിയിൽ വീഴ്‌ത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ വീരമണിയുടെ സഹായത്തോടെ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ഇതിനിടെ ഈ ദൃശ്യങ്ങൾ തന്‍റെ ബന്ധുക്കൾക്ക് ഉൾപ്പെടെ പലർക്കും വീരമണി അയച്ചുനൽകി.
ഇത് കാണാനിടയായ വിദ്യാർഥികൾ പിന്നീട് കരിമേട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതോടൊപ്പം ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വിവിധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.