കോര്‍ബ (ഛത്തീസ്‌ഗഡ്) : കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് അതിസാഹസികമായി മകളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങി അമ്മ. കോര്‍ബ തെലിമാര്‍ ഗ്രാമത്തിലെ പസന്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ദുവാഷിയ ബായ് (45) തന്‍റെ കുഞ്ഞിനെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് മരണം വരിച്ചത്. കൃഷിപ്പണിയുമായി ബന്ധപ്പെട്ട് വയലിലായിരുന്ന ഇവരുടെ സമയോചിത ഇടപെടലായിരുന്നു മകളുടെ ജീവന്‍ രക്ഷിച്ചത്.
കൃഷിയാവശ്യങ്ങള്‍ക്കായി ഇന്നലെ (26-02-2023) പകല്‍ വയലിലേക്ക് പോയതായിരുന്നു ദുവാഷിയ ബായ്. ഇവരുടെ മകള്‍ സമീപത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത് വയലിലേക്ക് ഓടിയടുത്ത കാട്ടുപന്നി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന മണ്‍കോരി കൊണ്ട് ദുവാഷിയ ബായ് കാട്ടുപന്നിയെ നേരിടുകയായിരുന്നു. എന്നാല്‍ കാട്ടുപന്നിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അതേസമയം കുഞ്ഞ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്ന് പസന്‍ ഫോറസ്‌റ്റ് ഓഫീസര്‍ രാംനിവാസ് ദഹായത്ത് അറിയിച്ചു. ഏറ്റുമുട്ടലില്‍ കാട്ടുപന്നിയെ കീഴ്‌പ്പെടുത്താന്‍ ദുവാഷിയ ബായിക്ക് സാധിച്ചുവെന്നും എന്നാല്‍ ഇതിനിടെ അവര്‍ക്ക് ജീവന്‍ ബലിനല്‍കേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുവാഷിയ ബായിയുടെ കുടുംബത്തിന് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ അനുവദിക്കാറുള്ള ആറ് ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്നും ഇതില്‍ 25,000 രൂപ അടിയന്തര സഹായമായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.