ജയ്‌പൂര്‍ : രാജസ്ഥാനിലെ പ്രതാപ്‌ഗഡ് ജില്ലയില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി നടത്തിച്ച സംഭവത്തിലെ (Woman paraded naked in Rajasthan) പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ഉമേഷ് മിശ്ര. സംഭവത്തില്‍ ഏതാനും സ്‌ത്രീകള്‍ക്കും പങ്കുണ്ടെന്നാണ് സംശയം. എല്ലാവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എഡിജിപി ദിനേശ് എംഎന്‍ ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.
യുവതിയെ നഗ്‌നയാക്കി ക്രൂരമര്‍ദനം: ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഓഗസ്റ്റ് 31) കേസിനാസ്‌പദമായ സംഭവം. ധരിയവാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഹാഡയിലെ നിചല്‍കോട്ടയിലാണ് സംഭവം. യുവതിയെ നഗ്‌നയാക്കി (Woman naked by husband and family) നടത്തിയതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
21 കാരിയായ യുവതിയാണ് ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്രൂര പീഡനത്തിന് ഇരയായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ക്രൂരമായി മര്‍ദിച്ചത്. മറ്റൊരാള്‍ക്കൊപ്പം കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് വിവസ്‌ത്രയാക്കി മര്‍ദിച്ചത്. ഒരു കിലോമീറ്ററോളം ദൂരം യുവതിയെ നഗ്‌നയാക്കി നടത്തിയെന്ന് ഡിജിപി പറഞ്ഞു.
ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് : രാജസ്ഥാനില്‍ ആദിവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഖേദം രേഖപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗെലോട്ട് (CM Ashok Gehlot on Woman paraded naked in Rajasthan). പ്രതികള്‍ക്കെതിരെ ഉടനടി നടപടി എടുക്കണമെന്ന് അദ്ദേഹം ഡിജിപിയോട് നിര്‍ദേശിച്ചു. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രതികരിച്ച് ബിജെപി നേതാവ് : രാജസ്ഥാനില്‍ ആദിവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ബിജെപി നേതാവും ചിറ്റോര്‍ഗഡ് എംപിയുമായ സിപി ജോഷിയും പ്രതികരണവുമായി രംഗത്തെത്തി. ' പ്രതാപ്‌ഗഡില്‍ ആദിവാസി യുവതിയെ നഗ്‌നയാക്കി നടത്തിച്ചുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇന്ന് രാജസ്ഥാന്‍ വീണ്ടും ലജ്ജിക്കുന്നു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഭരണകൂടം നടപടിയെടുക്കുന്നില്ല. ബലാത്സംഗത്തിലും സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും രാജസ്ഥാന്‍ ഒന്നാമതെത്തുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു'വെന്നും എംപി എക്‌സില്‍ കുറിച്ചു.
നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ : സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധരിയവാഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ നാഗരാജ് മീണ പറഞ്ഞു. സംഭവത്തെ കുറിച്ച് അറിഞ്ഞയുടന്‍ താന്‍ ധരിയവാഡ് പൊലീസ് സ്റ്റേഷനില്‍ എത്തിയെന്നും പൊലീസ് സൂപ്രണ്ടുമായും ജില്ല കലക്‌ടറുമായും വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും ഇക്കാര്യത്തില്‍ പൊലീസ് ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.