ജോധ്പൂര്‍ (രാജസ്ഥാന്‍) : സൈനികനെ പ്രണയം നടിച്ച് വശത്താക്കി പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്‍റായ യുവതി ചോര്‍ത്തിയത് അതിര്‍ത്തിയിലെ സൈനിക രഹസ്യങ്ങളെന്ന് അന്വേഷണ സംഘം. സൈനികനായ പ്രദീപ് കുമാറാണ് നയതന്ത്ര പ്രാധാന്യമുള്ള സൈനിക രേഖകളും രഹസ്യങ്ങളും യുവതിക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. സൈനികനും യുവതിയും തമ്മില്‍ നടത്തിയ വീഡിയോ കോളുകള്‍ അടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചില രേഖകള്‍ ഇടിവി ഭാരതിന് ലഭിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് 24 വയസുകാരനായ പ്രദീപ് കുമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലന ശേഷം ഏറെ പ്രാധാന്യമുള്ള ജോധ്പൂര്‍ റെജിമെന്‍റിന്‍റെ ഭാഗമായി.
അതീവ സുരക്ഷാ മേഖലയിലാണ് ഗണ്ണര്‍ പോസ്റ്റില്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ പ്രദീപിന്‍റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. തന്‍റെ പേര് റിയ എന്നാണെന്നും ഗ്വാളിയാര്‍ സ്വദേശിയാണെന്നും പറഞ്ഞ് സൈനികനെ വിശ്വസിപ്പിച്ചു. ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ നഴ്സായാണ് താന്‍ ജോലി ചെയ്യുന്നതെന്നും യുവതി സൈനികനെ ധരിപ്പിച്ചു. എന്നാല്‍ എവിടെ നിന്നാണ് പ്രദീപിന്‍റെ നമ്പര്‍ യുവതിക്ക് ലഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Also Read: പാക് വനിത ഏജന്‍റിന്‍റെ ഹണി ട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാന രഹസ്യങ്ങള്‍ പങ്കുവച്ചു ; സൈനികൻ അറസ്റ്റിൽ
തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം വാട്‌സ് ആപ്പ് വഴി ചാറ്റ് ചെയ്യുകയായിരുന്നു. സൗഹൃദം വളര്‍ന്നതോടെ യുവതി വീഡിയോ കോളുകള്‍ ചെയ്യാനും ചെറിയ വീഡിയോകള്‍ റെക്കോഡ് ചെയ്ത് പ്രദീപിന് അയച്ചുകൊടുക്കാനും തുടങ്ങി. തന്‍റെ പ്രണയവും കാമവും ഇവര്‍ സൈനികനുമായി പങ്കുവയ്ക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ വച്ച് ഇരുവര്‍ക്കും തമ്മില്‍ കണ്ടുമുട്ടാമെന്നും സൈനികനെ യുവതി വിശ്വസിപ്പിച്ചു.
ഇതിനിടെ സൈനികന്‍റെ ജോലിയെ കുറിച്ചും സൈനിക നീക്കങ്ങളെ കുറിച്ചും ഇവര്‍ ചോദിച്ചു. മാത്രമല്ല ചില നയതന്ത്ര രേഖകളും സൈനികന്‍ ഫോട്ടോ എടുത്ത് വാട്‌സ് ആപ്പ് വഴി യുവതിക്ക് നല്‍കി. ഇരുവര്‍ക്കും സംസാരിക്കാനായി ഇന്ത്യന്‍ മൊബൈല്‍ നമ്പറും യുവതി പ്രദീപ് വഴി സംഘടിപ്പിച്ചു.
ഇതിനിടെയാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സംശയകരമായ സാഹചര്യത്തില്‍ പ്രദീപിന്‍റെ നമ്പര്‍ കണ്ടെത്തുന്നത്. ഇതോടെ ഇവര്‍ നമ്പര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 21ാം തിയതി സൈന്യം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
പ്രിയ ശര്‍മ, പായല്‍ ശര്‍മ, ഹര്‍ലീന്‍ കൗര്‍, പൂജ രജ്‌പുത് എന്നീ പേരുകളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് യുവതി ഇരകളെ കണ്ടെത്തുന്നത്. ശേഷം ഇവരുമായി ചാറ്റിംഗ് ആരംഭിക്കും. ഇരയുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് വീഡിയോ കോളുകളും ചെറു വീഡിയോകളും കൈമാറും. ശേഷം പ്രണയം പങ്കുവയ്ക്കുകയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും ചെയ്യുന്നതാണ് രീതി.
ശേഷമാണ് ഇരയെ തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച സേന കൂടുതല്‍ സൈനികര്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ്. പ്രദീപ് യുവതിയുമായി നടത്തിയ വീഡിയോ കോളുകളുടേയും പങ്കുവച്ച ഫോട്ടോകളുടേയും രേഖകളുടേയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Also Read: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ കൈമാറിയ രണ്ട് പേർ അറസ്റ്റിൽ