ശ്രീനഗർ: ജമ്മു-കശ്‌മീരിലെ പുൽവാമയിൽ ചെക്ക്‌പോസ്റ്റിൽ നിർത്താതെ പോയ വാഹനത്തിന് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്‌പ്പിൽ വാഹനത്തിലുണ്ടായിരുന്ന യുവതിക്ക് പരിക്ക്. ശനിയാഴ്‌ച്ച 3.15 ഓടെയാണ് സംഭവം. അവന്തിപ്പോരയിലെ ചെക്ക്‌പോസ്റ്റിലും പദ്‌ഗംപോരയിലെ ചെക്ക്പോസ്റ്റിലും വാഹനം നിർത്താതെ പോയതോടെയാണ് സുരക്ഷാ സേന വെടിയുതിർത്തത്.
സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവർ കുപ്‌വ്വാര സ്വദേശിയായ ജുനൈദ് താരിഖ് ദാറിനെ അറസ്റ്റ് ചെയ്‌തു. വാഹനത്തിലുണ്ടായിരുന്ന മുറാൻ സ്വദേശിനി ജൈസി പർവൈസ് ഷേക്കിനാണ് വെടിയേറ്റത്. വലത് കൈയ്യിൽ വെടിയേറ്റ ഇവരെ ഉടൻ തന്നെ അവന്തിപ്പോരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്‌തികരമാണെന്ന് സൈന്യം അറിയിച്ചു.