മാൾഡ (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ മാൾഡയില്‍ ആംബുലൻസ് നിഷേധിക്കപ്പെട്ട യുവതയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മരിച്ചു. മൽദംഗ സ്വദേശിനി മാമുനി റോയ് (25) ആണ് മരിച്ചത്. റോഡിന്‍റെ ശോച്യാവസ്ഥ മൂലം വീടിരിക്കുന്ന പ്രദേശത്തേക്ക് വരാൻ ആംബുലന്‍സുകാര്‍ വിസമ്മതിച്ചതോടെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.
ആംബുലൻസ് ലഭ്യമല്ലാതായതോടെ മറ്റ് വാഹനങ്ങൾ തേടിയെങ്കിലും റോഡ് മോശമായതിനാൽ അവരും കയ്യൊഴിഞ്ഞു. ഇതോടെയാണ് വീട്ടിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള മോഡിപുക്കൂർ റൂറൽ ആശുപത്രിയിലേക്ക് മാമുനിയെ കട്ടിലിൽ ചുമന്നുകൊണ്ടുപോകാൻ തുനിഞ്ഞതെന്ന് ഭർത്താവ് കാർത്തിക് റോയ് പറഞ്ഞു.
"ഞങ്ങൾ അവളെ ഒരു കട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ അവൾ വഴിയിൽ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി അസുഖ ബാധിതയായിരുന്നു."- ബംഗോള ബ്ലോക്ക് വികസന ഓഫീസർ (ബിഡിഒ) രാജു കുണ്ടു പറഞ്ഞു. റോഡ് വളരെക്കാലമായി ശോച്യാവസ്ഥയിലാണ്. ഏതാനും മാസം മുമ്പ് ഞങ്ങൾ റോഡ് ടാർ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ഇക്കാര്യം ഉന്നത തലത്തിലേക്ക് ശുപാർശ ചെയ്‌ത് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബിഡിഒ പറഞ്ഞു.
യുവതിയുടെ മരണത്തിനു പിന്നാലെ, റോഡിന്‍റെ അവസ്ഥ മെച്ചപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. റോഡ് നന്നാക്കാന്‍ നടപടിയെടുക്കുന്നതില്‍ ഭരണസംവിധാനം പരാജയപ്പെട്ടെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്ന് തൃണമൂല്‍ കോൺഗ്രസ് പ്രതികരിച്ചു. ഈ സംഭവത്തിന്‍റ പേരില്‍ പ്രദേശത്ത് ഒരു വികസനവും നടന്നിട്ടില്ലെന്ന് പറയാനാകില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.