ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി അത്യാഹിത വാർഡിന് പുറത്ത് പ്രസവിച്ചു. ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലാണ് സംഭവം. യുവതി കുഞ്ഞിന് ജന്മം നല്‍കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശുപത്രിയോട് വിശദീകരണം തേടി. ജൂലൈ 25നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മിഷനും ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സഫ്‌ദര്‍ജങ് ആശുപത്രിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഗര്‍ഭിണിക്ക് ചുറ്റും സാരി കൊണ്ട് മറച്ച് സ്‌ത്രീകള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് നഴ്‌സുമാരും ഉണ്ട്. തിങ്കളാഴ്‌ച ആശുപത്രിയിലെത്തിയ യുവതിയെ മെറ്റേണിറ്റി വാര്‍ഡിലോ ലേബര്‍ വാര്‍ഡിലോ പ്രവേശിപ്പിച്ചില്ലെന്നും അന്ന് രാത്രി യുവതി അത്യാഹിത വാര്‍ഡിന്‍റെ പുറത്ത് കഴിയുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ വീഡിയോയില്‍ ആരോപിക്കുന്നു.
വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുത്ത ഡല്‍ഹി കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ആശുപത്രിക്ക് നോട്ടീസ് നല്‍കി. ജൂലൈ 25നകം അന്വേഷണ നടപടി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ വീഴ്‌ച വരുത്തിയ ജീവനക്കാർക്കെതിരെ നപടിയെടുക്കണമെന്നും വനിത കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസിയാബാദ് സ്വദേശിയായ യുവതിയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സൗത്ത്‌വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ മനോജ് സി അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഗൈനക്കോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്‌ടറാണ് ഇരുവരെയും ചികിത്സിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Also read: വീഡിയോ: ആശുപത്രിയിലെത്താന്‍ ആംബുലന്‍സില്ല; പുഴയോരത്ത് കുഞ്ഞിന് ജന്മം നല്‍കി യുവതി