കട്ടക്ക് (ഒഡീഷ): ഒഡിഷയിൽ കാണാതായ വനിത ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ വനത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്കിലെ അത്തഗഡ് പ്രദേശത്തുള്ള ഗുരുദിജാട്ടിയ വനത്തിലാണ് രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. 2023 ജനുവരി 11 മുതലാണ് രാജശ്രീയെ കാണാതായത്.
രാജശ്രീയുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്. വനത്തിന് സമീപത്തു നിന്നും രാജശ്രീയുടെ മൊബൈൽ ഫോണും സ്‌കൂട്ടറും കണ്ടെത്തി. അസ്വഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും കട്ടക് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പിനാക് മിശ്ര പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ രാജശ്രീയെ കാണാതാകുകയായിരുന്നു. 25 അംഗങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.
ടൂർണമെന്‍റിൽ പങ്കെടുക്കാനുള്ള 16 അംഗ ടീമിൽ രാജശ്രീയുടെ പേര് ഉണ്ടായിരുന്നില്ല. ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രാജശ്രീ കടുത്ത നിരാശയിലായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന താരം പറഞ്ഞു. രാജശ്രീയെ ഫോണിൽ കിട്ടാതെ വന്നതോടെ പരിശീലക പുഷ്‌പാജ്ഞലി ബാനർജി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
രാജശ്രീയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് താരത്തിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സെലക്ഷൻ വളരെ സുതാര്യമായ രീതിയിലാണ് നടന്നതെന്ന് അസോസിയേഷൻ സിഇഒ സുബ്രത് ബെഹ്‌റ പറഞ്ഞു.