പൂനെ: പണം മടക്കി ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം (Woman brutally beaten up). കടം നല്‍കിയ തുക മടക്കി ചോദിച്ചതിനാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ അതിക്രൂരമായി മര്‍ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും (Caste Abuse) ചെയ്‌തത്. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ (Satara district in Maharashtra) മന്‍ താലൂക്കിലെ പന്‍വാന്‍ ഗ്രാമത്തിലാണ് (Panwan village of Man taluk) സംഭവം.
സംഭവം ഇങ്ങനെ: കടമായി നല്‍കിയ തുക മടക്കി ചോദിച്ചപ്പോഴായിരുന്നു യുവതിയെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിക്കാന്‍ തുടങ്ങിയത്. കൈയില്‍ കരുതിയിരുന്ന വലിയ തടിക്കഷ്‌ണങ്ങള്‍ ഉപയോഗിച്ചായിരുന്നു അക്രമികള്‍ യുവതിയെ ആക്രമിച്ചത്. ചുറ്റിലും ആളുകള്‍ ഓടിക്കൂടിയിരുന്നുവെങ്കിലും ആരുംതന്നെ യുവാക്കളെ അക്രമത്തില്‍ നിന്ന് വിലക്കിയതുമില്ല.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് പുറത്തറിഞ്ഞതോടെ മസ്വാദ് പൊലീസ് (Mhaswad Police) വധശ്രമത്തിനും ജാതീയമായ അധിക്ഷേപത്തിനും കേസെടുത്തു. കേസില്‍ ദേവദാസ് നർലെ, പിന്‍റു നാർലെ എന്നിവരെ പൊലീസ് അറസ്‌റ്റും ചെയ്‌തു. എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ സന്തോഷ് നര്‍ലേ, ജനപ്പ ഷിന്‍ഡെ എന്നിവര്‍ ഒളിവിലാണ്.
അതേസമയം യുവാക്കളുടെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മസ്വാദിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും ഒളിവില്‍പോയ പ്രതികളെ ഉടന്‍ തന്നെ പിടികൂടാന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സത്താറ പൊലീസ് സൂപ്രണ്ട് സമീര്‍ ഷെയ്‌ഖ് അറിയിച്ചു.