ചെന്നൈ : തമിഴ്‌നാട് തിരുനൽവേലിയിൽ ഭര്‍തൃമാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ 27 കാരി അറസ്‌റ്റിൽ. മരുമകളായ മഹാലക്ഷ്‌മിയാണ് അറസ്‌റ്റിലായത്. തിങ്കളാഴ്‌ച സീതപാൽപനല്ലൂരിനടുത്തുള്ള വടുകനപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഷൺമുഖവേലിന്‍റെ ഭാര്യ സീതാരാമലക്ഷ്‌മി (58)യാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്ന ദിവസം രാവിലെ ആൺവേഷത്തിൽ വീട്ടിലെത്തിയ മഹാലക്ഷ്‌മി ഉറങ്ങിക്കിടക്കുകയായിരുന്ന സീതാരാമലക്ഷ്‌മിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മൂർച്ചയേറിയ വസ്‌തു ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ സീതാരാമലക്ഷ്‌മി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മോഷണം നടത്തിയ ശേഷം മഹാലക്ഷ്‌മി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മഹാലക്ഷ്‌മിയെ ചോദ്യം ചെയ്യുകയും ഭര്‍തൃമാതാവിന്‍റെ മരണത്തെ തുടർന്ന് അവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്‌തു. സീതാരാമലക്ഷ്‌മിയുടെ മകൻ രാമസാമി മഹാലക്ഷ്‌മിയെ വിവാഹം ചെയ്‌തത് മുതൽ ഇവർ ഭര്‍തൃമാതാവുമായി സ്ഥിരം വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശേഷം വഴക്ക് ഒഴിവാക്കാൻ രാമസാമി അവരുടെ രണ്ട് ആൺമക്കളേയും മഹാലക്ഷ്‌മിയേയും കൂട്ടി മറ്റൊരു വീട്ടിലേയ്‌ക്ക് താമസം മാറുകയായിരുന്നു.
ഇത് വകവയ്‌ക്കാതെ ഇരുവരും തമ്മിൽ വഴക്ക് തുടർന്നു. പത്ത് ദിവസം മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കം കൂടിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് പ്രതി സ്വർണ മാല എടുത്തുകൊണ്ട് പോയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഹെൽമെറ്റ് ധരിച്ച് പുരുഷ വേഷത്തിൽ മഹാലക്ഷ്‌മി വീട്ടിലേയ്‌ക്ക് കയറുന്നതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർ നിയമനടപടികൾക്കായി റിമാൻഡ് ചെയ്‌തു.
മാതാപിതാക്കളേയും മുത്തശ്ശിയേയും കൊലപ്പെടുത്തി : രണ്ടാഴ്‌ച മുൻപാണ് ഛത്തീസ്‌ഗഡിലെ സിംഗോഡയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തിയത്. അധ്യാപക ദമ്പതികളുടെ മകനായ ഉദിത് ആണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പ്രഭാത് ഭോയി, ഭാര്യ ജർണ ഭോയി, ഉദിതിന്‍റെ മുത്തശ്ശി സുലോചന എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളെയും മുത്തശ്ശിയേയും കാണാനില്ലെന്ന് ഉദിത് തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മെയ് എട്ടിന് പ്രഭാത് ഭോയിയും ജർണ ഭോയിയും സുലോചനയും വൈദ്യചികിത്സക്കായി റായ്‌പൂരിലേക്ക് പോയതായും എന്നാൽ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഉദിത് പൊലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് കേസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ഉദിത്തിന്‍റെ സഹോദരൻ അമിത് വീട്ടിലെത്തുകയും വീടിന്‍റെ പരിസരത്ത് ചോരപ്പാടുകൾ കണ്ടതുമാണ് കേസിൽ വഴിത്തിരിവായത്. അമിത് നടത്തിയ തെരച്ചിലിൽ വീടിന്‍റെ പിൻഭാഗത്ത് വിറക് കത്തിച്ച അവശിഷ്‌ടങ്ങളിൽ നിന്ന് അസ്ഥികൾ കണ്ടെടുത്തു. പിന്നീട് സംശയം തോന്നിയ അമിത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ഉദിത്തിനെ പിടികൂടി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനായിരുന്നു പ്രതിയ്‌ക്ക് താത്പര്യം. എന്നാൽ പണം നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.