ഛണ്ഡിഗഡ്: പഞ്ചാബില്‍ ചരക്ക് മോട്ടോര്‍ ബൈക്ക് റിക്ഷകള്‍ക്കുള്ള (ജുഗാഡ് രെഹ്‌ഡി) നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍. തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഭഗവന്ത് മാൻ സര്‍ക്കാറിന്‍റെ പിന്മാറ്റം. അപകടസാധ്യത കണക്കിലെടുത്തായിരുന്നു നിരോധനം.
ചരക്ക് മോട്ടോര്‍ ബൈക്ക് റിക്ഷാത്തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്‍പിന്‍ തമ്പടിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഉത്തരവ് ഒഴിവാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മന്ത്രിമാരെ ഉപരോധിക്കുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇത് ശക്തമായി പ്രതിപക്ഷം കൂടെ ഏറ്റെടുത്തു.
യോഗം ഉച്ചയ്‌ക്ക് 12 മണിക്ക്: പാവപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തുന്ന കാര്യത്തിലാണ് ശ്രദ്ധയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്നാണ് മനംമാറ്റമുണ്ടായത്. അതേസമയം, വാഹനം നിരോധിക്കാനുള്ള തീരുമാനത്തില്‍ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി അടിയന്തരമായി റിപ്പോർട്ട് തേടി.
ഉച്ചയ്‌ക്ക് 12 മണിക്ക് ഭഗവന്ത് മാന്‍, ഉന്നത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി പെട്ടി ഓട്ടോയ്‌ക്ക് സമാനമായി മോട്ടോര്‍ ബൈക്കിന് പിന്നില്‍ ഇരുമ്പ് പെട്ടി ഘടിപ്പിച്ചുകൊണ്ട് പരിഷ്‌കരിച്ചെടുത്തതാണ് ജുഗാഡ് രെഹ്‌ഡികള്‍.
അപകടം പതിവ് കാഴ്‌ച: പഞ്ചാബില്‍ മോട്ടോര്‍ സൈക്കിളില്‍ ഇത്തരത്തില്‍ സാധനങ്ങളും ആളുകളെയും കൊണ്ടുപോകുന്നത് പതിവാണ്. നാട്ടുവഴികളിലും നഗരങ്ങളിലും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നത് കൊണ്ട് പലരും ആശ്രയിക്കുന്നതും ഇത്തരം വാഹനങ്ങളെയാണ്. പലപ്പോഴും അമിതഭാരം കയറ്റിവരുന്ന റിക്ഷകള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ യാത്രചെയ്യുന്നത് അപകടകരമായതുകൊണ്ടാണ് മോട്ടോര്‍ ബൈക്ക് റിക്ഷകള്‍ നിരോധിക്കുന്നതെന്ന് ജില്ല എസ്.എസ്.പിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു.
ALSO READ | പഞ്ചാബില്‍ ചരക്ക് ബൈക്ക് റിക്ഷകള്‍ക്ക് നിരോധനം