ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് ലോക്‌സഭയിലെ എല്ലാ ജീവനക്കാരും ആഴ്‌ചതോറും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മാര്‍ഗനിര്‍ദേശം. പുതിയ സർക്കുലർ അനുസരിച്ച്, ലോക്‌സഭയിലെ ജീവനക്കാരും പാർലമെന്‍റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മറ്റ് അനുബന്ധ ഏജൻസികൾക്കുമാണ് ഇത്തരത്തില്‍ പരിശോധന നടത്തേണ്ടത്. കമ്മിറ്റി റൂമുകളായ ഇ, പിഎച്ച്‌എ, ഒന്നാം നിലയിലെ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഇതിനായി രണ്ട് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ജൂലൈ 19നാണ് സമ്മേളനം ആരംഭിച്ചത്. ഓഗസ്റ്റ് 13വരെയാണ് സമ്മേളനം നടക്കുക. 17ാമത് ലോക്‌സഭയുടെ ആറാമത് സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണിത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ശൈത്യകാല സമ്മേളനവും നടന്നില്ല.