ചെന്നൈ: അവസാന ശ്വാസം വരെ തമിഴ് ജനതയെയും സംസ്‌കാരത്തെയും ബഹുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഡൽഹിയിൽ നിന്നുകൊണ്ട് തമിഴ് ജനതയെ സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കൊവിഡ്, ജിഎസ്‌ടി, നോട്ട് നിരോധനം എന്നീ പ്രതിസന്ധി ഘട്ടങ്ങളിൽ ദരിദ്രരെ സഹായിക്കുന്നതിന് പകരം മോദി സർക്കാർ കോർപ്പറേറ്റ് കമ്പനി ഉടമകളുടെ ലക്ഷക്കണക്കിന് കടമാണ് എഴുതിത്തള്ളിയത്. മോദി കോർപ്പറേറ്റ് കമ്പനികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തമിഴ്‌നാട് സർക്കാരിനെ നരേന്ദ്രമോദി നിയന്ത്രിക്കുകയാണ്. ജിഎസ്‌ടി നടപ്പാക്കിയതിനെ എ.ഡി.എം.കെ സർക്കാർ അപലപിച്ചോ. ജിഎസ്‌ടി മോദിയുടെ ബുദ്ധിശൂന്യമായ നീക്കമാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ആർഎസ്‌എസ് പ്രത്യയശാസ്ത്രം തമിഴ് സംസ്‌കാരത്തിന് എതിരാണ്. തമിഴ് ജനത തന്‍റെ കുടുംബത്തിനെ സ്‌നേഹിക്കുന്നതുകൊണ്ട് തമിഴ്‌നാടിനെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.