ന്യൂഡൽഹി: ആവശ്യമെങ്കിൽ ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രോഗം തടയുന്നതിന്‍റെ ഭാഗമായി കൊവിഡ് ചികിത്സയിൽ സ്റ്റിറോയിഡുകൾ നിയന്ത്രിത രീതിയിൽ ഉപയോഗിക്കാൻ അദ്ദേഹം ആശുപത്രികളോട് അഭ്യർഥിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ലോക് നായക് ജയ് പ്രകാശ് ആശുപത്രി, ഗുരു തേജ് ബഹാദൂർ ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി കേന്ദ്രങ്ങൾ തുറക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ പരിഹരിക്കുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഡൽഹി രാജ്യത്തിന്‍റെ തലസ്ഥാനമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചികിത്സയ്ക്കായി ആളുകൾ ഇവിടെയെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി വരുന്ന എല്ലാവരേയും പരിചരിക്കുന്നതിന് ആവശ്യമായ അളവിലുള്ള മരുന്നുകൾ തങ്ങളുടെ പക്കലുണ്ടാകണമെന്നും കെജ്‌രിവാൾ പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി മൂന്ന് തെരഞ്ഞെടുത്ത ആശുപത്രികളിൽ പ്രത്യേക ഡോക്ടർമാരുടെ ടീമുകൾ ഉണ്ടായിരിക്കും. ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ മതിയായ ശേഖരണം സർക്കാർ ഉറപ്പാക്കുമെന്നും രോഗ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Also read: പ്രാദേശിക ഉത്പാദനം ആരംഭിച്ചാല്‍ സ്പുട്നിക് വി വാക്സിന്‍ വില കുറയുമെന്ന് റെഡ്ഡീസ് ലാബ്