റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ധംതാരിയില്‍ 20 അടി താഴ്‌ചയുള്ള കുഴിയില്‍ വീണ മൂന്ന് കാട്ടാനകളില്‍ രണ്ടെണ്ണത്തിനെ രക്ഷിച്ചു. മൂന്നാമത്തെ ആനയെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമം തുടരുന്നു. ഇന്നലെയാണ് (ഒക്‌ടോബര്‍ 27) കൃഷിയിടത്തോട് ചേര്‍ന്നുള്ള കുഴിയില്‍ ആനകള്‍ വീണത്.
രാത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും ഡിഎഫ്ഒ മായങ്ക് പാണ്ഡെ പറഞ്ഞു. മേഖലയിലെ ആനകളുടെ സാന്നിധ്യമറിയാന്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മായങ്ക് കൂട്ടിച്ചേര്‍ത്തു.