കോയമ്പത്തൂര്‍ : ജനവാസ മേഖലയിലിറങ്ങി ജനങ്ങളെയും വനം വകുപ്പിനെയും പൊറുതിമുട്ടിച്ച് മോഴ ആന. ധർമപുരി, കൃഷ്‌ണഗിരി ജില്ലകളുടെ അതിർത്തിയായ ഹൊഗനക്കൽ, ധേങ്കനിക്കോട്ടൈ വനമേഖലകളിൽ നിന്ന് ഭക്ഷണവും വെള്ളവും തേടി ആനകള്‍ എത്താറുണ്ടെങ്കിലും ഇത്തവണയെത്തിയ മോഴയാന മാസങ്ങളായി ഇവിടം വിടാതെ ചുറ്റിത്തിരിയുകയാണ്. കൃഷിയിടത്തിലെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ഇവ നാഷണല്‍ ഹൈവേയിലെത്തി വാഹനങ്ങള്‍ക്കും ശല്യം സൃഷ്‌ടിക്കുന്നുണ്ട്.
ഇതേത്തുടര്‍ന്ന് വനം വകുപ്പ് ആനവേട്ടക്കാരായ ഫോറസ്‌റ്റ് ഗാര്‍ഡുകളുമായെത്തി കാട്ടിലേക്ക് തുരത്തിയോടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീടും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തുടര്‍ന്നതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ധര്‍മപുരി ജില്ലയിലെ പെരിയൂര്‍ ഈച്ചമ്പള്ളം ഭാഗത്ത് വച്ച് കുങ്കിയാനയുടെ സഹായത്തോടെ വനം വകുപ്പ് മയക്കുവെടി വച്ച് ആനയെ പിടികൂടി. പിറ്റേന്ന് തന്നെ കോയമ്പത്തൂരിലെ തപ്‌സിലിപ് സംരക്ഷിത വനമേഖലയിലെ വരഗസിയാര്‍ പ്രദേശത്ത് ആനയെ തുറന്നുവിട്ടു. തുടര്‍ന്ന് വനം വകുപ്പ് നിരന്തരമായി നിരീക്ഷിച്ചുവരികയായിരുന്ന ആന പത്ത് ദിവസങ്ങള്‍ക്കിപ്പുറം ചേറ്റുമടൈ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ഗ്രാമ പ്രദേശത്തേക്കിറങ്ങിയ ആന വീണ്ടും ശല്യം തുടര്‍ന്നു. എന്നാല്‍ നിരന്തരം സ്ഥലം മാറുന്നതിലൂടെ ഇതിനെ പിടികൂടുന്നതിലും വനം വകുപ്പ് ബുദ്ധിമുട്ടി. പിന്നീട് പൊള്ളാച്ചി ഉൾപ്പടെ കടന്ന് കോയമ്പത്തൂരിലെത്തിയ ആനയെ ഇന്ന് മധുക്കരൈ വനമേഖലയ്‌ക്ക് സമീപം പാലക്കാട്ടേക്കുള്ള റോഡ് മുറിച്ചുകടക്കവെയാണ് വനം വകുപ്പ് കണ്ടെത്തുന്നത്.
എന്നാല്‍ കോയമ്പത്തൂർ കുനിയമുത്തൂരിന് അടുത്ത പികെ പുത്തൂർ ഭാഗത്ത് നിന്നും ആനയെ വനത്തിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാര്‍ ബഹളം വച്ചതോടെ വനം വകുപ്പിന്‍റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. അതേസമയം മോഴയാനയെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആനയുടെ സാന്നിധ്യത്തെ സംബന്ധിച്ച് അടുത്തുള്ള ഗ്രാമങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.