ബെംഗളൂരു : യാത്രക്കാരന്‍റെ സ്യൂട്ട്കേസിൽ നിന്ന് ഉഗ്രവിഷമുളള രാജവെമ്പാലയും പെരുമ്പാമ്പും ഉൾപ്പെടെ 78 വന്യജീവികളെ ജീവനോടെ കണ്ടെത്തി (Wild Animals Found In Suitcase). ബാങ്കോക്കിൽ നിന്ന് വന്യജീവികളെ കടത്തിയ യാത്രക്കാരനെ ബെംഗളൂരു കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യ ഫ്ലൈറ്റായ എഫ്‌ഡി 137 ൽ സെപ്‌റ്റംബർ ആറിന് രാത്രി 10.30ന് ആയിരുന്നു പ്രതി ബെംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
17 രാജവെമ്പാലകൾ, 55 ബോൾ പെരുമ്പാമ്പുകൾ എന്നിവയുൾപ്പെടെ 78 വന്യജീവികളെ ജീവനോടെയാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ആറ് കപ്പൂച്ചിൻ കുരങ്ങുകളെ യാത്രക്കാരന്‍റെ സ്യൂട്ട് കേസിൽ ചത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത എല്ലാ ജീവികളും 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയവയാണ്.
1962ലെ കസ്‌റ്റംസ് ആക്‌ടിന്‍റെ 110-ാം വകുപ്പ് പ്രകാരമാണ് എല്ലാ ജീവികളെയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ജീവനുള്ള മൃഗങ്ങളെ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയും ചത്ത മൃഗങ്ങളെ കൃത്യമായ നടപടികളോടെ സംസ്‌കരിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്.
വന്യ ജീവികളെ കടത്താൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ : വംശനാശ ഭീഷണി നേരിടുന്ന വന്യ ജീവികളെ ട്രോളി ബാഗില്‍ കടത്താൻ ശ്രമിച്ചയാളെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. ഓഗസ്‌റ്റ് 21 തിങ്കളാഴ്‌ച രാത്രി ബാങ്കോക്കിൽ നിന്നു വന്ന യാത്രക്കാരനിൽ നിന്നുമാണ് വന്യമൃഗങ്ങളെ കണ്ടെത്തിയത്. പിന്നാലെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള 32 കാരനാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ ഇയാളെ കസ്‌റ്റംസ് അധികൃതർ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് രണ്ട് ട്രോളി ബാഗുകളിൽ നിന്നായി 234ഓളം വന്യ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തിയത്.
പെരുമ്പാമ്പ്, ഓന്ത്, ഉടുമ്പ്, ആമകൾ, ചീങ്കണ്ണികൾ, കങ്കാരു കുഞ്ഞ് തുടങ്ങിയ മ്യഗങ്ങളാണ് ട്രോളി ബാഗുകളിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ഏതാണ്ട് എല്ലാ ജീവികളും വംശനാശ ഭീക്ഷണി നേരിടുന്ന ഗണത്തിൽപ്പെടുന്നവയാണ്. 1962ലെ കസ്‌റ്റംസ് ആക്‌ട് സെക്ഷൻ 104 പ്രകാരം യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ALSO RAED: നക്ഷത്ര ആമകളുമായി യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1132 ആമകളെ
നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം : വംശനാശ ഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 2022 സെപ്‌റ്റംബറിൽ കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. കല്യാൺ, സിംഹാദ്രി, ഐസാക്, രജപുത്ര എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.