അമരാവതി(ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ 50കാരന്‍റെ മരണം ഭാര്യയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കൊലപാതകമെന്ന് പൊലീസ്. സ്‌പെഷ്യൽ പോക്‌സോ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായ അക്‌ബർ അസം (50) ജൂൺ 23നാണ് മരിച്ചത്. അസമിന്‍റെ ഭാര്യയും രണ്ട് ആൺസുഹൃത്തുക്കളും പൊലീസ് പിടിയിലായി. ഭാര്യ അഹമ്മദുന്നിസ ബീഗം(36), ഭാര്യയുടെ സുഹൃത്തുക്കളായ രാജസ്ഥാൻ സ്വദേശി രാജേഷ് ജെയിൻ, മെഡിക്കൽ റെപ്രസെന്‍റേറ്റീവായ കിരൺ എന്നിവരാണ് പൊലീസ് പിടിയിലായത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ നഗരത്തിലാണ് സംഭവം. ഭാര്യയുടെ പഴയ ഫോണിലെ വാട്‌സ്‌ആപ്പ് ചാറ്റിലൂടെയാണ് കൊലപാതക വിവരം പുറത്തായത്. അസമിന്‍റേത് സ്വാഭാവിക മരണമാണെന്ന് ഭാര്യ അഹമ്മദുന്നിസ ബീഗം ബന്ധുക്കളെ വിശ്വസിപ്പിക്കുകയായിരുന്നു.
15 വർഷം മുമ്പ് അസമിന്‍റെ ആദ്യ ഭാര്യ മരിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യാനം സ്വദേശിയായ അഹമ്മദുന്നിസ ബീഗത്തെ വിവാഹം കഴിച്ചു. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അസം ഭാര്യക്ക് ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങുകയും, ഭാര്യയുടെ പഴയ ഫോൺ പിതാവിന് നൽകുകയും ചെയ്‌തിരുന്നു. തുടർന്ന്, അസമിന്‍റെ മരണശേഷം പിതാവ് ഫോൺ പരിശോധിക്കുകയും യുവാക്കളുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റ് കണ്ടെത്തുകയുമായിരുന്നു.
ഓഗസ്റ്റ് 17ന് അസമിന്‍റെ പിതാവ് മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് പൊലീസിനെ സമീപിച്ചു. തുടർന്ന്, ഞായറാഴ്‌ച(21.08.2022) മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ജൂൺ 23ന് ഭാര്യ അസമിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഗാഢനിദ്രയിലായ അസമിനെ മെഡിക്കൽ റെപ്രസെന്‍റേറ്റീവായ കിരൺ ക്ലോറോഫോം മണപ്പിക്കുകയായിരുന്നു. കൃത്യം നടക്കുന്ന സമയം രാജേഷ് ജെയിൻ ഫ്ലാറ്റിന് പുറത്ത് കാവൽ നിന്നു. അസം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അതേ അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലാണ് യുവാക്കളും താമസിച്ചിരുന്നത്. സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.