ഉദയ്‌പൂർ (രാജസ്ഥാൻ) : വിധവയായ യുവതിയെ നഗ്‌നയാക്കി ക്രൂരമായി മർദിച്ച് പ്രദേശവാസികളായ യുവതികൾ. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് യുവതിക്ക് ക്രൂര മർദനമേറ്റത്. മർദനത്തിനൊടുവിൽ സംഘം യുവതിയുടെ മുടി മുറിച്ച് മാറ്റുകയും ചെയ്‌തു. ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആക്രമണം നടന്നത്. എന്നാൽ ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ ഏറെ വൈകിയാണ് സംഭവം പുറം ലോകമറിയുന്നത്. യുവതിയെ മർദിക്കുന്ന സമയത്ത് അരികിൽ ഒരു ചെറിയ കുഞ്ഞ് നിന്ന് കരയുന്നുണ്ടെങ്കിലും അത് പോലും ശ്രദ്ധിക്കാതെ സ്‌ത്രീകൾ ചേർന്ന് മർദനം തുടരുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
നഗ്‌നയായി നിലത്ത് കിടക്കുന്ന യുവതിയെ സ്‌ത്രീകൾ ചേർന്ന് മർദിക്കുന്നതും ഇവർ മർദിക്കരുതെന്ന് കരയുന്നതും പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമാണ്. സംഭവത്തിൽ പ്രദേശവാസികൾ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്‌ത്രീകൾ ചേർന്ന് അവരെയും ഭീഷണിപ്പെടുത്തി മാറ്റുകയായിരുന്നു. ആക്രമണത്തിന്‍റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല.
അതേസമയം വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഉദയ്‌പൂർ എസ്‌പി ഭുവൻ ഭൂഷൺ യാദവിന്‍റെ നിർദേശ പ്രകാരം യുവതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരയായ യുവതിയുടെ മൊഴിയെടുത്ത ശേഷം കുറ്റാരോപിതരായ സ്‌ത്രീകൾക്കെതിരെ നടപടിയെടുക്കുമെന്ന് എസ്‌പി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ കാര്യങ്ങളും അന്വേഷിച്ച് വരികയാണ്. ഇരയ്ക്ക് എല്ലാവിധ സഹായവും നൽകുമെന്നും സംഭവ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുമെന്നും എസ്‌പി ഭുവൻ ഭൂഷൺ യാദവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ഐടി ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വൃദ്ധയെ കൊലപ്പെടുത്തി മദ്യപ സംഘം : ഇക്കഴിഞ്ഞ മാർച്ച് എട്ടിന് ജാർഖണ്ഡിൽ ഹോളി ആഘോഷത്തിന് പിന്നാലെ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ 65 കാരിയെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ബൽബദ്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അമോർ നിമ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗോഡ സ്വദേശിനിയായ ദുച്ചി ദേവിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഇതേ ഗ്രാമത്തിൽ തന്നെയുള്ള പപ്പു മണ്ഡൽ, ലളിത് മണ്ഡൽ, സുഭാഷ് മണ്ഡൽ, ഹീരാലാൽ മണ്ഡൽ, രഞ്‌ജിത് മണ്ഡൽ, നീലം ദേവി എന്നിവരെ പൊലീസ് പിടികൂടി. ഹോളി ആഘോഷത്തിനിടെ ബലമായി നിറങ്ങൾ തേയ്‌ക്കാൻ ശ്രമിച്ചത് എതിർത്തതിനെ തുടർന്നാണ് പ്രതികൾ വയോധികയെ മർദിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ALSO READ : ജാർഖണ്ഡിൽ ആൾക്കൂട്ടക്കൊല ; 65 കാരിയെ മദ്യപിച്ചെത്തിയ സംഘം മർദിച്ച് കൊലപ്പെടുത്തി
പ്രതികളും കൊല്ലപ്പെട്ട സ്‌ത്രീയും തമ്മിൽ മുൻപ് ശത്രുതകൾ ഒന്നും തന്നെ ഇല്ലെന്ന് ദുച്ചി ദേവിയുടെ മകൻ മുരാരി സിങ് പറഞ്ഞു. ഗുണ്ടായിസത്തെ എതിർത്തതിനാണ് അമ്മയെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചതെന്നും സംഭവ ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും മുരാരി സിങ് പറഞ്ഞു.