ന്യൂഡൽഹി : ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ആത്മാവിനെ കളങ്കപ്പെടുത്തുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപണത്തിന് മറുപടിയുമായി ബിജെപി.
കോണ്‍ഗ്രസിനെ പോലും മൂന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഒരാള്‍ക്കെതിരെ ആരെങ്കിലും ചാരപ്പണി നടത്തുമോയെന്ന് ബിജെപി വക്താവ് സാംബിത് പത്ര പരിഹസിച്ചു. കൊവിഡ് വ്യാപനത്തേക്കാള്‍ പ്രാധാന്യം മറ്റ് വിഷങ്ങള്‍ക്ക് കൊടുത്ത് പ്രതിപക്ഷം ജനങ്ങളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും സാംബിത് പത്ര ആരോപിച്ചു.
കോണ്‍ഗ്രസ് അനാവശ്യമായി ചർച്ചകള്‍ ബഹിഷ്‌കരിക്കുന്നു
സുപ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച എല്ലാ മീറ്റിങ്ങുകളും കോൺഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്ന് പറഞ്ഞ ബിജെപി വക്താവ് കോൺഗ്രസ് ജനങ്ങളുടെ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും ആരോപിച്ചു. “പ്രധാന വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനായി യോഗങ്ങൾ വിളിക്കാൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു പക്ഷേ കോൺഗ്രസ് എല്ലാം ബഹിഷ്കരിക്കുന്നു. രാഹുൽ ഗാന്ധി പറയുന്നു പെഗാസസ് ആണ് പ്രധാന പ്രശ്‌നമെന്ന്, അല്ലാതെ കൊവിഡ് അല്ല. നിങ്ങൾ ആളുകളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. നിങ്ങൾ ആളുകളുടെ ശബ്ദങ്ങൾ അടിച്ചമർത്തുകയാണെന്നും സാംബിത് പത്ര പറഞ്ഞു
തന്‍റെ ഫോണ്‍ ചോർത്തിയെന്ന് പറയുന്ന രാഹുൽ എന്തുകൊണ്ടാണ് പരാതി നല്‍കാതെന്നും പത്ര ചോദിച്ചു. വെറുതെ പത്രസമ്മേളനങ്ങൾ മാത്രമാണ് അദ്ദേഹം നടത്തുന്നത്. എന്തിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ചാരപ്പണി നടത്തുന്നത്. കോൺഗ്രസ് പാർട്ടിയെ പോലും മുന്നോട്ട് നടത്താൻ കഴിയാത്ത രാഹുലിനെതിരെ ചാരപ്പണി നടത്തിയാല്‍ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും പത്ര ചോദിച്ചു.
രാജ്യത്തിന്‍റെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അവരുടെ കുടുംബങ്ങളെയും കുട്ടികളെയും സുരക്ഷിതമാക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയെ പുതിയൊരു പാതയിലേക്ക് നയിച്ച് വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സാംബിത് പത്ര പറഞ്ഞു.
കേരളത്തിനും വിമർശനം
കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാന സർക്കാരിനെതിരെയും പത്ര രൂക്ഷവിമർശനമുന്നയിച്ചു. ബക്രീദ് ആഘോഷങ്ങള്‍ക്കായി ഇളവ് നല്‍കിയതാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്ന് പത്ര പറഞ്ഞു.
കൻവർ യാത്ര റദ്ദ് ചെയ്യാൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകൾ തീരുമാനിച്ചത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു. സുപ്രീംകോടതി നൽകിയ നിർദേശങ്ങളും അവർ പാലിച്ചു. എന്നാല്‍ കേരളത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ആ ജാഗ്രത ഉണ്ടായില്ലെന്നും സാംബിത് പത്ര പറഞ്ഞു.
also read: പണപ്പെരുപ്പം, പെഗാസസ്, കർഷക പ്രശ്‌നങ്ങൾ എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് രാഹുൽ ഗാന്ധി