ലോകത്തിലെ ഏതൊരു സൈനികനും പ്രിയപ്പെട്ട ആയുധമാണ് എകെ 47 (AK 47). 100 ലധികം രാജ്യങ്ങളാണ് എകെ 47 ഉപയോഗിക്കുന്നത്. സൈനികർക്കിടയിൽ മാത്രമല്ല, തോക്ക് പിടിക്കാൻ പോലും അറിയാത്ത സാധാരണക്കാർക്കിടയിലും ഈ പേര് സുപരിചിതമാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെട്ട റൈഫിൾ....
റഷ്യൻ സൈനികനായ സീനിയർ സർജന്‍റ് മിഖായേൽ കലാഷ്‌നിക്കോവാണ് ( Mikhael Kalashnikov) എ കെ 47 കണ്ടുപിടിച്ചത്. ടിങ്കററായിരുന്ന മിഖായേൽ പിന്നീട് റെഡ് ആർമിയിൽ ടാങ്ക് കമാൻഡറായി. ഇതിനിടയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ ആയുധങ്ങളെ നേരിടാൻ റഷ്യയുടെ കയ്യിലുള്ള ആയുധങ്ങൾ പോരെന്ന അദ്ദേഹത്തിന്‍റെ തോന്നലാണ് എകെ 47ന്‍റെ വരവിന് കാരണം.
മികച്ച പുതിയ ആയുധങ്ങൾ രൂപകൽപന ചെയ്യാൻ കഴിവുള്ള യുവാക്കളെ റഷ്യൻ സൈന്യം സ്വാഗതം ചെയ്‌ത കാലം. 1947 ൽ മിഖായേൽ എകെ 47 ഡിസൈൻ ചെയ്‌തു. 1949 ൽ റഷ്യൻ സായുധ സേനയുടെ സ്റ്റാൻഡേർഡ് ഇഷ്യൂ ആക്രമണ റൈഫിളായി (standard issue assault rifle for Russian armed forces) അംഗീകരിക്കപ്പെട്ടു. പിന്നാലെ ലോകമെമ്പാടും 106 രാജ്യങ്ങളിലായി (ഔദ്യോഗികമായി 55) 100 മില്യൺ സൈനികർ ഉപയോഗിക്കുന്ന ആയുധമായി എകെ 47 മാറി.
കൈകാര്യം ചെയ്യാൻ എളുപ്പം (Simplicity) : എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന റൈഫിളാണ് എകെ 47. സങ്കീർണത കുറവായതുകൊണ്ട് ഫീൽഡിൽ വച്ച് തന്നെ എളുപ്പത്തിൽ അഴിച്ചുപണി നടത്താനാകും. എല്ലാ കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന ആയുധമാണ്. ഇതിലുള്ള ഇഷ് ലിവർ ചലിപ്പിച്ച് 'സേഫ്' മോഡിൽ നിന്ന് 'ഫയർ' മോഡിലേക്കോ 'ഓട്ടോ' മോഡിലേയ്‌ക്കോ മാറ്റാനാകും. 50 മുതൽ 400 മീറ്റർ വരെ ദൂരത്തിലുള്ള ശത്രുക്കളെ നേരിടാൻ എകെ 47 കൊണ്ട് കഴിയും.
വഴക്കം (Flexibility) : വനമേഖല, മരുഭൂമികൾ, നഗരം, പർവതങ്ങൾ, മഞ്ഞ് തുടങ്ങി ഏത് പശ്ചാത്തലത്തിലും ഉപയോഗിക്കാവുന്ന റൈഫിളാണ് എകെ 47. ആയുധത്തിന്‍റെ സെന്‍റർ ഓഫ് ഗ്രാവിറ്റ് മാറാതെ തന്നെ അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (Under Barrel Grenade Launcher) പോലുള്ള അധിക ഫിറ്റ്‌മെന്‍റുകൾക്കൊപ്പം എകെ 47 ഉപയോഗിക്കാം. ഇതിലൂടെ റൈഫിളിന്‍റെ പ്രകടനം മെച്ചപ്പെടുത്താനാകും.
സ്ഥിരതയുള്ള ആയുധം (Durability) : നീണ്ടകാലം കേടുകൂടാതെ ഉപയോഗിക്കാവുന്ന രീതിയിലാണ് എകെ 47 ന്‍റെ നിർമാണം. നിലത്ത് വീണാലും തകരില്ല. ഇടക്കിടെ വൃത്തിയാക്കിയില്ലെങ്കിലും പ്രവർത്തിപ്പിക്കാനാകും.
വിശ്വാസമര്‍പ്പിക്കാവുന്ന ആയുധം (Dependability) : യുദ്ധമുഖത്ത് നിൽക്കുന്ന ഒരു സൈനികന്‍റെ ആകെ ആശ്രയം കയ്യിലിരിക്കുന്ന ആയുധം ആണെന്നിരിക്കെ ഒരിക്കലും പരാജയപ്പെടാത്ത റൈഫിൾ ആണ് എകെ 47. ഏത് സാഹചര്യത്തിലും വെടിയുതിർക്കാൻ എകെ 47 നിൽ നിന്നും സാധിക്കും.
ഇന്ന് നിർമിക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ റൈഫിളാണ് എകെ 47. 1000 ഡോളറിൽ കുറഞ്ഞ തുകയിൽ കരിഞ്ചന്തയിൽ വരെ ആ ആയുധം ലഭ്യമാണ്.